പാക്ക് തലസ്ഥാനമായ ഇസ്ലാബാദിൽ ചാവേർ സ്ഫോടനമുണ്ടായതിന് പിന്നാലെ, കറാച്ചി ഓഹരി വിപണി നേരിട്ടത് വൻ തകർച്ച. ഇസ്ലാബാദിൽ ജില്ലാ കോടതിക്ക് പുറത്ത് ഇന്നലെ ഉച്ചയ്ക്ക് നടന്ന ചാവേർ സ്ഫോടനത്തിൽ 12 പേർ മരിച്ചിരുന്നു.
27 പേർക്ക് പരുക്കേറ്റു. കോടതിയിൽ കയറി ആക്രമണം നടത്താനെത്തിയ അജ്ഞാതൻ അതിനു കഴിയാതെ വന്നതോടെ പുറത്തുണ്ടായിരുന്ന പൊലീസ് വാഹനത്തിൽ സ്ഫോടനം നടത്തുകയായിരുന്നു.
പാക്ക് താലിബാനാണ് (തെഹ്രികെ താലിബാൻ-പാക്കിസ്ഥാൻ) സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ, പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇന്ത്യയെ കുറ്റപ്പെടുത്താണ് ശ്രമിച്ചത്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്.
പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (പിഎസ്എക്സ്) മുഖ്യസൂചികയായ കറാച്ചി ഇൻഡക്സ് 100 ചാവേർ സ്ഫോടനത്തിന് പിന്നാലെ കൂപ്പുകുത്തി.
3,600 പോയിന്റിന്റെ (-2.27%) വീഴ്ചയാണ് നേരിട്ടത്. സമീപകാലത്തെ ഏറ്റവും വലിയ തകർച്ചയാണിത്.
ന്യൂഡൽഹിയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ ഇസ്ലാമാബാദിലും ആക്രമണം നടന്നത് സുരക്ഷാഭീതിയും സംഘർഷഭീതിയും വിതച്ചതാണ് നിക്ഷേപകരെ വിറ്റൊഴിയൽ മനോഭാവത്തിലേക്ക് നയിച്ചത്.
ആഗോള ഓഹരി വിപണികളിലെ ഉണർവിന്റെ പിൻബലത്തിൽ തിങ്കളാഴ്ച കറാച്ചി ഇൻഡക്സ് മികച്ച നേട്ടം കൊയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്നലെ തകർന്നടിഞ്ഞത്.
1,945 പോയിന്റായിരുന്നു (+1.22%) തിങ്കളാഴ്ചത്തെ നേട്ടം. യുഎസിൽ ഗവൺമെന്റ് ഷട്ട്ഡൗൺ അവസാനിക്കുന്നതും നാസ്ഡാക്, ജാപ്പനീസ് നിക്കേയ് തുടങ്ങി വിദേശ ഓഹരി സൂചികകളിലുണ്ടായ നേട്ടവുമായിരുന്നു മുഖ്യ കാരണം.
അതേസമയം, പാക്കിസ്ഥാനിൽ ഭറണഘടനാ ഭേദഗതി ബിൽ പാസാക്കാനുള്ള ഭറണപക്ഷത്തിന്റെ നീക്കവും ഓഹരികളെ നഷ്ടത്തിലേക്ക് നയിച്ചു.
ഇസ്ലാമാബാദിൽ പുതിയ ഭരണഘടനാ കോടതി സ്ഥാപിക്കുക, പ്രസിഡന്റിനും ഗവർണർമാർക്കും എതിരെ ക്രിമിനൽ കേസ് നടപടികൾ റദ്ദാക്കുക, പാക്ക് സൈനിക മേധാവിയുടെ നിയമനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനും പ്രധാനമന്ത്രിക്ക് വ്യക്തിപരമായും കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലാണിത്. പ്രതിപക്ഷം ശക്തമായ എതിർപ്പുമായി രംഗത്തെത്തിയത് പാക്കിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവച്ചിട്ടുണ്ട്.
ഡൽഹിയിൽ സ്ഫോടനമുണ്ടായതിന്റെ പിറ്റേന്നുപക്ഷേ, ഇന്ത്യൻ ഓഹരികൾ കനത്ത ചാഞ്ചാട്ടമാണ് നേരിട്ടത്.
എങ്കിലും, വ്യാപാരാന്ത്യത്തിൽ നേട്ടം രേഖപ്പെടുത്താൻ സെൻസെക്സിനും നിഫ്റ്റിക്കും കഴിഞ്ഞു. സെൻസെക്സ് 336 പോയിന്റ് (+0.40%) നേട്ടവുമായി 83,871ലും നിഫ്റ്റി 121 പോയിന്റ് (+0.47%) ഉയർന്ന് 25,694ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
യുഎസിൽ ഷട്ട്ഡൗണിന് തിരശീല വീഴുന്നതാണ് ഇന്ത്യൻ ഓഹരികൾക്കും പ്രധാന കരുത്തായത്.
കോർപറേറ്റ കമ്പനികളുടെ ഭേദപ്പെട്ട സെപ്റ്റംബർപാദ പ്രവർത്തനഫലവും തുണച്ചു.
പൊതുവേ ഇക്കുറി രണ്ടാംപാദ പ്രവർത്തനഫലങ്ങൾ പോസിറ്റീവായിരുന്നു എന്നതും വിപണിക്ക് കരുത്തായിട്ടുണ്ട്. ഇന്ത്യയുടെ ഉടൻ പുറത്തുവരുന്ന റീട്ടെയ്ൽ, ഹോൾസെയിൽ പണപ്പെരുപ്പക്കണക്കിലേക്ക് ഇപ്പോൾ നിക്ഷേപകരുടെ പ്രധാന ശ്രദ്ധ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

