യുഎസുമായുള്ള വ്യാപാരക്കരാറിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണയോട് മുഖംതിരിക്കാൻ തന്നെ തീരുമാനിച്ച് ഇന്ത്യ. യുഎസിന്റെയും ഇപ്പോൾ യുഎസിന്റെ ‘അധീനതയിലുള്ള’ വെനസ്വേലയുടെയും എണ്ണ വാങ്ങുന്നതിന് മുൻഗണന നൽകാൻ പൊതുമേഖലാ എണ്ണക്കമ്പനികളോട് കേന്ദ്ര സർക്കാർ നിർദേശിച്ചെന്നാണ് വിവരം.
ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും (എച്ച്പിസിഎൽ) ഏപ്രിലിലേക്കുള്ള ആവശ്യത്തിനായി 20 ലക്ഷം ബാരലിന്റെ ഓർഡർ വെനസ്വേലയ്ക്ക് നൽകിക്കഴിഞ്ഞു.
ഒരു വമ്പൻ എണ്ണക്കപ്പലിൽതന്നെ ഈ ഓർഡർ പ്രകാരമുള്ള വെനസ്വേലൻ എണ്ണയെത്തും. ഇതിൽ 15 ലക്ഷം ബാരലും ഇന്ത്യൻ ഓയിലിനു വേണ്ടിയുള്ളതാണ്; 5 ലക്ഷം എച്ച്പിസിഎല്ലിനും.
കഴിഞ്ഞയാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയുമായി വ്യാപാര ഡീൽ പ്രഖ്യാപിച്ചതും ഇന്ത്യയ്ക്കുമേലുള്ള 50% പകരംതീരുവ 18 ശതമാനമായി വെട്ടിക്കുറച്ചതും.
റഷ്യൻ എണ്ണ നേരിട്ടോ അല്ലാതെയോ വാങ്ങുന്നത് ഇന്ത്യ പൂർണമായും നിർത്തുമെന്നും ഇക്കാര്യം പ്രധാനമന്ത്രി മോദി സമ്മതിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു.
അഥവാ ഇന്ത്യ വീണ്ടും റഷ്യൻ എണ്ണ വാങ്ങിയാൽ 25% പിഴത്തീരുവ പുനഃസ്ഥാപിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ ട്രംപിന്റെ ഈ നിലപാടിനോട് പ്രതികരിച്ചിട്ടില്ല.
റഷ്യ എണ്ണ വാങ്ങില്ലെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടുമില്ല. വിപണി സാഹചര്യവും ഉപഭോക്തൃതാൽപര്യവും വിലയിരുത്തി എണ്ണവാങ്ങുമെന്ന വാദം ആവർത്തിക്കുക മാത്രമാണ് കേന്ദ്രസർക്കാർ ചെയ്തത്.
കഴിഞ്ഞ വർഷ്യാന്ത്യത്തിലെ കണക്കനുസരിച്ച് ഇന്ത്യ യുഎസിൽ നിന്ന് പ്രതിദിനം ഏതാണ്ട് 2.25 ലക്ഷം ബാരൽ എണ്ണയാണ് വാങ്ങിയത്.
ഇത് ഇന്ത്യ വൈകാതെ 4 ലക്ഷമായി ഉയർത്തിയേക്കുമെന്നും അറിയുന്നു. കേന്ദ്രസർക്കാരോ പൊതുമേഖലാ എണ്ണക്കമ്പനികളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലേക്ക് ഏറ്റവുമധികം റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിരുന്ന സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്, നിലവിൽ റഷ്യൻ എണ്ണ വാങ്ങുന്നില്ല.
വെനസ്വേലൻ എണ്ണ വാങ്ങുന്നത് റിലയൻസ് ഉയർത്തിയിട്ടുമുണ്ട്. മറ്റ് ഇന്ത്യൻ കമ്പനികളും ഗൾഫ് രാജ്യങ്ങളിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും എണ്ണയാണ് റഷ്യൻ എണ്ണയ്ക്ക് ബദലായി ഇപ്പോൾ കൂടുതലും വാങ്ങുന്നത്.
വെനസ്വേലൻ എണ്ണയ്ക്ക് ബാരലിന് 6.50 മുതൽ 7 ഡോളർ വരെ ഡിസ്കൗണ്ടും ഇന്ത്യൻ കമ്പനികൾക്ക് കിട്ടുന്നുണ്ടെന്നുമാണ് വിവരം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

