അടുക്കളയിലെ വാഫിള്‍ അയണ്‍ ഉപയോഗിച്ച് ബില്‍ ബോവ്മാൻ നടത്തിയൊരു പരീക്ഷണത്തില്‍ നിന്നാണ് നൈക്കിയുടെ ആദ്യ ട്രാക്ക് ഷൂവായ മൂണ്‍ ഷൂ പിറവികൊള്ളുന്നത്. പിന്നീട് ഫില്‍ നൈറ്റും ബോവ്മാനും ചേർന്ന് ആരംഭിച്ച ഈ സംരംഭം ലോകത്തിന്റെ മൈതാനങ്ങളും വീഥികളും കീഴടക്കുന്ന ചരിത്രമാണ് രചിച്ചത്.
മൈക്കല്‍ ജോർദാൻ, ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, സെറീന വില്യംസ്, ടൈഗർ വുഡ്സ് തുടങ്ങിയ ഇതിഹാസങ്ങളുടെ കാലുകളില്‍ ആ സ്വൂഷ് ലോഗൊ പതിപ്പിച്ചുകൊണ്ട് അവർ തങ്ങളുടെ ബ്രാൻഡിനെ കായികലോകത്തിന്റെ മുഖമാക്കി മാറ്റുകയായിരുന്നു. ‘ജസ്റ്റ് ഡു ഇറ്റ്’ എന്ന നൈക്കിയുടെ ടാഗ് ലൈൻ അറിയാത്തവർ ചുരുക്കമായിരിക്കും.
അത്ലീറ്റുകള്ക്ക് കേവലം ഷൂകള്‍ മാത്രമല്ല, അവരുടെ ജീവിത കഥകൂടി തുന്നിച്ചേർത്താണ് നൈക്കി നല്‍കിയിരുന്നത്. നൈക്കി എയർ ജോർദാനും നൈക്കി സിആര്സെവനുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.
എന്നാൽ ആ നൈക്കിയിന്ന് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പുതുകാലത്ത് ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയൻ എംബാപെ പോലും ബ്രാൻഡിനെ കൈവിട്ടിരിക്കുന്ന അവസ്ഥയാണുള്ളത്.
ഈ വീഴ്ചയ്ക്ക് പിന്നിലെ കാരണങ്ങളും കമ്പനിക്ക് മുന്നിലുള്ള തിരിച്ചുവരവിന്റെ സാധ്യതകളും പരിശോധിക്കേണ്ടതുണ്ട്. ദീർഘകാലമായി ഫൂട്ട് ലോക്കർ, ജെഡി സ്പോർട്ട്സ് തുടങ്ങിയ റീട്ടെയിലേഴ്സ് മുഖേനെയായിരുന്നു നൈക്കിയുടെ പ്രൊഡക്റ്റുകള്‍ വിപണിയിലെത്തിയിരുന്നത്.
എന്നാൽ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്താമെന്ന തീരുമാനത്തിലേക്ക് ബ്രാൻഡ് എത്തിച്ചേർന്നു. ഔദ്യോഗിക സ്റ്റോറുകൾ, വെബ്സൈറ്റ്, ആപ്ലിക്കേഷൻ എന്നിവയിലൂടെ മാത്രമായി വില്‍പ്പന ചുരുക്കി.
ഉപഭോക്താക്കളുമായി നേരിട്ടുള്ള ബന്ധം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ചുവടുമാറ്റം. പക്ഷേ, ഇത് മറ്റ് ബ്രാൻഡുകളുടെ വളർച്ചയ്ക്കാണ് വഴിയൊരുക്കിയത്.
റീട്ടെയില്‍ ഷോപ്പുകളിലെ നൈക്കിയുടെ സ്പേസ് ന്യൂബാലൻസ്, ഹൊക്ക, ഓണ്‍, ഏസിക്സ്, ബ്രൂക്ക്സ് പോലുള്ള ബ്രാൻഡുകള്‍ കയ്യടക്കുകയായിരുന്നു. ഒരുകാലത്ത് നൈക്കിയുടെ നേരിട്ടുള്ള എതിരാളികൾ പോലല്ലാതിരുന്നവയാണ് ഇവയെല്ലാം.
കോവിഡ് കാലം നൈക്കിയുടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കി. ആളുകള്‍ ആരോഗ്യത്തിന് മുൻഗണന നല്കിത്തുടങ്ങുകയും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തതോടെ ആഗോളതലത്തില്‍ ഒരു റണ്ണിങ് കള്‍ച്ചർ രൂപപ്പെട്ടു.
കംഫർട്ടിനാണ് ആളുകൾ മുൻഗണന നൽകിയത്. ഇന്നവേഷനുകളായിരുന്നു നൈക്കിയെ വിപണിയില്‍ നിലനിര്‍ത്തിയിരുന്നത്.
എന്നാൽ ഈ ഘട്ടത്തിൽ നൈക്കി പിന്നോട്ടുപോയി. ഹൊക്ക കുഷ്യനിങ്ങിന് പ്രാധാന്യം നൽകി പ്രൊഡക്റ്റുകള്‍ പുറത്തിറക്കിയപ്പോൾ, ഏസിക്സ് പെർഫോര്‍മൻസ് വർധിപ്പിച്ചു.
ഓണ്‍ പുതിയ സാങ്കേതികവിദ്യ സ്വീകരിച്ചു. ന്യൂബാലൻസിന് റണ്ണേഴ്സിനിടയില്‍ സ്വീകാര്യത കൂടി.
ഷൂകള്‍ കൂടുതല്‍ ലൈറ്റ് വെയിറ്റായി മാറുകയും ചെയ്തു. നൈക്കിയും ഒപ്പമോടിയെങ്കിലും റീട്ടെയിലേഴ്സിനെ ഒഴിവാക്കിയുള്ള സമീപനം കസ്റ്റമേഴ്സിനെ അകറ്റി.
ലൈഫ് സ്റ്റൈല്‍ സ്നീക്കേഴ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും അവിടെയും ഇന്നവേഷന്റെ കുറവുണ്ടായി. കളറില്‍ മാത്രം മാറ്റം വരുത്തി ഒരേ മോഡലുകള്‍ വിപണിയിലിറക്കിയത് സ്നീക്കര്‍ പ്രേമികളെ മടുപ്പിച്ചു.
ഇതോടെ 20, 30, 40 ശതമാനം എന്നിങ്ങനെ വലിയ ഓഫറുകൾ നൽകാൻ നൈക്കി നിർബന്ധിതരായി. വലിയ ഓഫറുകൾ നൽകുന്നത് വിരളമായിരുന്ന ബ്രാൻഡ്, ഓഫർ ഉയർത്തിയതോടെ കസ്റ്റമേഴ്സ് കാത്തിരുന്നാൽ ഇനിയും ഓഫർ വര്‍ധിക്കുമെന്ന ചിന്തയിലേക്ക് എത്തി.
2025ൽ നൈക്കിയുടെ ഗ്ലോബല്‍ സ്പോര്‍ട്ട്സ് ഫൂട്ട്വെയര് മാര്‍ക്കറ്റ് ഷെയര്‍ ഏകദേശം 22.9 ശതമാനമായി കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2025 സാമ്പത്തിക വർഷത്തിൽ വരുമാനത്തില്‍ ഏകദേശം 10 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
പ്രധാന മാര്‍ക്കറ്റുകളിലൊന്നായ ചൈനയിലും റീട്ടെയിലേഴ്സിനെ വെട്ടിയ നയം തിരിച്ചടിച്ചു. പ്രാദേശിക ബ്രാൻഡുകളായ ലി നിങ്ങും ആന്റയുമൊക്കെ വളർന്നതോടെ നൈക്കിയുടെ പ്രധാന്യം ഇടിഞ്ഞു.
ഇനി നൈക്കിക്ക് തിരിച്ചുവരാൻ സാധിക്കുമോയെന്ന ചോദ്യത്തിന് മുന്നിലുള്ള പ്രധാന പ്രതീക്ഷ പതിറ്റാണ്ടുകളായി ഒപ്പമുണ്ടായിരുന്ന ഏലിയട്ട് ഹില്ലിന്റെ സിഇഒ ആയുള്ള തിരിച്ചുവരവാണ്. 2024ല്‍ ചുമതലയേറ്റ ഹില്‍ സ്പോർട്സ് കേന്ദ്രീകരിച്ച് ബ്രാൻഡിനെ മാറ്റിത്തുടങ്ങി.
റണ്ണിങ്ങ്, ഫുട്ബോള്‍, ബാസ്ക്കറ്റ്ബോള്‍ എന്നിങ്ങനെ ഓരോ മേഖലയ്ക്കും അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് ലക്ഷ്യം. റീട്ടെയിലേഴ്സുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തുന്നുണ്ട്.
റണ്ണിങ് സെഗ്മന്റിലൂടെ മാര്‍ക്കറ്റ് തിരിച്ചുപിടിക്കുകയാണ് പ്രധാന തന്ത്രങ്ങളിലൊന്ന്. എന്നാൽ ഓണ്‍, ഏസിക്സ്, ന്യൂബാലൻസ് എന്നിവ ഇതിനോടകം ഈ സെഗ്മെന്റിൽ ആധിപത്യം നേടിയിട്ടുണ്ട്.
ഫുട്ബോളിലും ബാസ്ക്കറ്റ്ബോളിലും അഡിഡാസാണ് ടോപ് ബ്രാൻഡ്. ലൈഫ് സ്റ്റൈലില്‍ അഡിഡാസിനൊപ്പം ന്യൂബാലൻസുമുണ്ട്.
നഷ്ടപ്പെട്ട കസ്റ്റമേഴ്സിനെ തിരികെപ്പിടിക്കുക എളുപ്പമല്ലെങ്കിലും അസാധ്യമല്ല.
ആഗോളതലത്തിലുള്ള വലിയ സ്വീകാര്യത, ലോകത്തിലെ ടോപ് അത്ലീറ്റുകളുമായുള്ള പാര്‍ട്ടണര്‍ഷിപ്പ്, മാര്‍ക്കറ്റിങ് എബിലിറ്റി, ഫുട്ബോളിലും ബാസ്ക്കറ്റ്ബോളിലുമുള്ള ദീർഘകാലമായുള്ള വിശ്വാസ്യത എന്നിവ നൈക്കിയുടെ കരുത്താണ്. നൈക്കിയായതുകൊണ്ട് മാത്രം പ്രൊഡക്റ്റ് വാങ്ങാമെന്ന ചിന്താഗതിയില്‍ നിന്ന് കായികസമൂഹം വ്യതിചലിച്ചിട്ടുണ്ട്.
മറ്റ് ബ്രാൻഡുകളുടെ ഇന്നോവേഷനുകൾ കസ്റ്റമേഴ്സിനെ അത്രത്തോളം സാറ്റിസ്ഫൈ ചെയ്തിട്ടുണ്ട് എന്നതിനാൽ, ആ വിശ്വാസ്യത തിരികെപ്പിടിക്കുക എന്നതാണ് ബ്രാൻഡിന് മുന്നിലുള്ള ഏറ്റവും നിർണ്ണായകമായ വെല്ലുവിളി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

