ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ ചലനങ്ങൾ രാജ്യാന്തര സ്വർണവിലയെ ഏറെ വൈകാതെ 5,000 ഡോളറിൽ കൊണ്ടെത്തിക്കുമെന്ന് പ്രമുഖ നിക്ഷേപ-ബാങ്കിങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സിലെ അനലിസ്റ്റുകളുടെ പ്രവചനം. 2025ന്റെ തുടക്കത്തിൽ ഔൺസിന് ഏതാണ്ട് 2,500 ഡോളറിനടുത്തായിരുന്ന രാജ്യാന്തരവില, ഇപ്പോൾ 3,600 ഡോളർ ഭേദിച്ചുകഴിഞ്ഞു.
2025 ഡിസംബറോടെ 3,700 ഡോളർ, 2026 മധ്യത്തോടെ 4,000-4,500 ഡോളർ, 2026 അവസാനത്തോടെ 5,000 ഡോളർ എന്നിങ്ങനെയായി വില കുതിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾ, ഫെഡിന്റെ വിശ്വാസ്യതയെ സാരമായി ബാധിക്കും. ഇതിനുപുറമെ അടിസ്ഥാന പലിശനിരക്ക് കുറയുന്നത് ഡോളറിന്റെ മൂല്യം, യുഎസ് ഗവൺമെന്റിന്റെ ട്രഷറി യീൽഡ് എന്നിവയും കുറയാനിടയാക്കും.
യുഎസ് ട്രഷറിയിൽ നിന്ന് ഇതോടെ നിക്ഷേപം കൊഴിഞ്ഞേക്കാം.
നിലവിൽ ഏതാണ്ട് 57 ട്രില്യൻ ഡോളറിന്റെ നിക്ഷേപമാണ് ട്രഷറിയിലുള്ളത്. ഇതിൽനിന്ന് വെറും 1% നിക്ഷേപം ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിൽ എത്തിയാൽതന്നെ അത് 570 ബില്യൻ ഡോളർ വരും.
രാജ്യാന്തരവില 5,000 ഡോളർ ഭേദിക്കാൻ അതു ധാരാളമെന്നും അനലിസ്റ്റുകൾ പറയുന്നു.
ട്രംപും ഫെഡും പിന്നെ പലിശഭാരവും
ട്രംപിന്റെ താരിഫ് യുദ്ധം രാജ്യാന്തര വ്യാപാര, സാമ്പത്തിക രംഗത്ത് സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ, ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾ എന്നിവയും സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുകയും വിലയെ മുന്നോട്ടുയർത്തുകയും ചെയ്യും. യുഎസ് ഫെഡിനെ കടന്നാക്രമിക്കുന്ന ട്രംപിന്റെ നിലപാട് സ്വർണവില കുതിച്ചുകയറാൻ ഇടയാക്കുമെന്ന് മറ്റൊരു ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ ചേയ്സും വ്യക്തമാക്കി.
അതേസമയം, ഇന്നു രാജ്യാന്തര വിലയുള്ളത് ഔൺസിന് 9 ഡോളർ താഴ്ന്ന് 3,633 ഡോളറിലാണ്.
ലാഭമെടുപ്പ് സമ്മർദമാണ് വിലയെ താഴ്ത്തിയത്. അമേരിക്കയുടെ റീട്ടെയ്ൽ പണപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരും.
പണപ്പെരുപ്പം കൂടിയേക്കുമെന്നാണ് സൂചനകൾ. എങ്കിലും, ഈമാസം ചേരുന്ന പണനയ നിർണയ യോഗത്തിൽ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കിൽ 0.50% വരെ ഇളവ് വരുത്തിയേക്കുമെന്നാണ് പ്രവചനങ്ങൾ.
പലിശനിരക്ക് കുറയുന്നത് ഡോളർ, ട്രഷറി യീൽഡ്, ബാങ്ക് നിക്ഷേപ പലിശ എന്നിവയെയും താഴ്ത്തും. ഇതും സ്വർണത്തിന് നേട്ടമാകും.
കേരളത്തിലെ വിലനിലവാരം
രാജ്യാന്തരവില താഴ്ന്നെങ്കിലും കേരളത്തിൽ ഇന്നു സ്വർണവില മാറിയിട്ടില്ല.
ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ താഴ്ന്ന് 88.13ൽ എത്തിയെങ്കിലും സംസ്ഥാനത്ത് ഇന്ന് വില നിലനിർത്താൻ സ്വർണ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു. ഗ്രാമിന് 10,130 രൂപയിലും പവന് 81,040 രൂപയിലുമാണ് ഇന്നും വ്യാപാരം.
18 കാരറ്റ്, വെള്ളി വിലകളും ഇന്നു മാറിയില്ല.
∙ 18 കാരറ്റിന് ചില ജ്വല്ലറികളിൽ വില ഗ്രാമിന് 8,390 രൂപ. മറ്റ് ജ്വല്ലറികളിൽ 8,315 രൂപ.
∙ വെള്ളിക്ക് ഗ്രാമിന് 137 രൂപ. മറ്റൊരു വിഭാഗം വ്യാപാരികൾ നൽകിയ വില ഗ്രാമിന് 133 രൂപ.
എത്ര രൂപയിലെത്തും അപ്പോൾ പവൻ?
രാജ്യാന്തരവില ഔൺസിന് 5,000 ഡോളറിൽ എത്തിയാൽ കേരളത്തിൽ എന്താകും വില? രാജ്യാന്തര വിലയിൽ ഓരോ ഡോളർ കൂടുമ്പോഴും കേരളത്തിൽ ഗ്രാമിന് രണ്ടു-രണ്ടര രൂപ കൂടാം.
അങ്ങനെയെങ്കിൽ പവന് വില നികുതിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും കൂടാതെതന്നെ ഒരുലക്ഷം രൂപയിലെത്തും. ഗ്രാമിന് 12,500 രൂപയും.
സാധാരണക്കാർക്കും സ്വർണം വാങ്ങുന്നത് എളുപ്പമാക്കാനായി ജിഎസ്ടി കുറയ്ക്കണമെന്ന ആവശ്യം വ്യാപാരികൾ ഉന്നയിക്കുന്നുണ്ട്.
നിലവിൽ 3 ശതമാനമാണ് ജിഎസ്ടി. ഇത് 1-2 ശതമാനത്തിലേക്ക് താഴ്ത്തണമെന്നതാണ് ആവശ്യം.
സ്വർണം വാങ്ങാനും ഇഎംഐ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവുമുണ്ട്. ഉത്സവകാലം അടുത്തിരിക്കേ, ഇത്തരം ഇളവുകൾ അനുവദിച്ചാൽ വിപണിക്കും അത് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

