കേരളത്തിലെ മെമു ട്രെയിൻ സർവീസുകൾ കടുത്ത പ്രതിസന്ധി നേരിടുന്നു. ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്ന റേക്കുകൾ സമയബന്ധിതമായി തിരികെ ലഭിക്കാത്തതും സ്ഥിരം പ്രശ്നമായി മാറിയിട്ടും ദക്ഷിണ റെയിൽവേ മെക്കാനിക്കൽ വിഭാഗം നടപടിയെടുക്കുന്നില്ല.
പുതിയ മെമു റേക്കുകളുടെ നിർമാണം കുറഞ്ഞതാണ് കൊല്ലം, പാലക്കാട് മെമു ഷെഡുകൾ നേരിടുന്ന പ്രധാന തടസ്സം. നിലവിൽ ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നടക്കുന്ന മൂന്ന് മെമു ട്രെയിനുകളുടെ നിർമാണം സൗത്ത് സെൻട്രൽ റെയിൽവേയ്ക്ക് വേണ്ടിയുള്ളതാണ്.
അതിനാൽ ദക്ഷിണ റെയിൽവേക്ക് പുതിയ റേക്കുകൾ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ മൂന്ന് വർഷമായി റെയിൽവേ മെമു ട്രെയിനുകളുടെ ഉത്പാദനം ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ്.
വന്ദേഭാരത് ട്രെയിൻ നിർമാണത്തിനാണ് നിലവിൽ റെയിൽവേ മുൻഗണന നൽകുന്നത്. പഞ്ചാബിലെ കപൂർത്തല കോച്ച് ഫാക്ടറിയിൽ നിന്ന് കഴിഞ്ഞ വർഷം ഏതാനും മെമു ട്രെയിനുകൾ മാത്രമാണ് പുറത്തിറക്കിയത്.
എറണാകുളം–കൊല്ലം റൂട്ടിൽ സർവീസ് നടത്തിയിരുന്ന 12 കോച്ചുകളുള്ള മെമു സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിയിട്ടുണ്ട്. പകരം എട്ട് കോച്ചുകൾ മാത്രമുള്ള ട്രെയിനാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
അറ്റകുറ്റപ്പണികൾക്കായി അയച്ച ട്രെയിൻ ഇതുവരെ തിരികെ എത്തിയിട്ടില്ല. കൊല്ലം മെമു ഷെഡിൽ 16 കോച്ചുകളുള്ള ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കായി 42 കോടി രൂപ ചെലവിൽ പുതിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
എന്നാൽ ആവശ്യത്തിന് ജീവനക്കാരോ ട്രെയിനുകളോ ഇല്ലാത്തതിനാൽ ഈ ഷെഡ് പൂർണതോതിൽ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. നിലവിൽ 25 ജീവനക്കാരുടെ തസ്തികകളാണ് ഇവിടെ ഒഴിഞ്ഞുകിടക്കുന്നത്.
അതേസമയം, കൊല്ലം–ചെങ്കോട്ട സെക്ഷനിൽ പുനലൂർ വരെ മെമു സർവീസുകൾ ഉണ്ടെങ്കിലും ഘാട്ട് സെക്ഷനിൽ പരീക്ഷണയോട്ടം നടത്താത്തതിനാൽ സർവീസ് ചെങ്കോട്ടയിലേക്ക് നീട്ടാൻ സാധിച്ചിട്ടില്ല. ഇതിനായുള്ള പരീക്ഷണയോട്ട
നടപടികൾ സ്വീകരിക്കേണ്ടത് മധുര ഡിവിഷനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

