യുഎസ് നിയന്ത്രണം ഏറ്റെടുത്ത വെനസ്വേലൻ ഓയിൽ വിപണിയിൽ നിക്ഷേപിക്കാൻ മടിച്ച് കമ്പനികൾ. നിലവിലെ സാഹചര്യത്തിൽ വെനസ്വേല നിക്ഷേപിക്കാൻ പറ്റിയ സ്ഥലമല്ലെന്ന് അമേരിക്കൻ എണ്ണക്കമ്പനിയായ എക്സോൺ മൊബിൽ സിഇഒ ഡാരൺ വുഡ്സ്.
കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് വുഡ്സിന്റെ പരാമർശം.
1940 മുതൽ വെനസ്വേലയിലെ നിർണായക സാനിധ്യമായിരുന്ന എക്സോൺ അടക്കമുള്ള കമ്പനികൾ രാജ്യത്തെ എണ്ണ വിപണി ദേശസാൽക്കരിച്ചതോടെയാണ് പിൻവാങ്ങിയത്. ട്രംപിന്റെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പായതോടെ ആവശ്യമെങ്കിൽ വെനസ്വേലയിലേക്ക് തിരിച്ചെത്തുന്നത് പരിഗണിക്കാമെന്ന് ഡാരൺ വുഡ്സ് പറഞ്ഞു.
എന്നാൽ നിലവിൽ വെനസ്വേല നിക്ഷേപത്തിന് പറ്റിയ സ്ഥലമല്ല. ഇതിന് നിരവധി നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്.
ഞങ്ങളുടെ ബിസിനസിനെ രണ്ട് തവണയാണ് വെനസ്വേല മരവിപ്പിച്ചത്. മൂന്നാമതൊരു തവണ കൂടി അവിടേക്ക് ചെല്ലുന്നതിന് മുൻകാലങ്ങളിൽ നേരിട്ട
പല കാര്യങ്ങളിലും ഇപ്പോഴത്തെ സ്ഥിതിയിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ആകെ എണ്ണ സമ്പത്തിന്റെ 17 ശതമാനം കൈവശമുള്ള രാജ്യമാണ് വെനസ്വേല. ഏതാണ്ട് 303 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ ശേഖരം രാജ്യത്തുണ്ടെന്നാണ് കണക്ക്.
90കളിൽ പ്രതിദിനം 30 ലക്ഷം ബില്യൻ ബാരൽ ക്രൂഡ് ഓയിൽ ഉൽപാദിപ്പിച്ച വെനസ്വേല ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രം കൂടിയായിരുന്നു. ഇന്ന് ഉൽപാദനം 10 ലക്ഷം ബാരലിലേക്ക് ചുരുങ്ങി.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഉപരോധവുമാണ് തിരിച്ചടിയായത്. ഇതാണ് കമ്പനികളെയും പിന്നോട്ടടിക്കുന്നതെന്നാണ് വിലയിരുത്തൽ.
വെനസ്വേലയിലെ എണ്ണയുൽപാദനം വീണ്ടും തുടങ്ങാൻ എണ്ണക്കിണറുകൾക്കൊപ്പം പൈപ്പ് ലൈനുകളും റിഫൈനറികളും ഊർജ്ജ വിതരണവും പുനസ്ഥാപിക്കേണ്ടതുണ്ട്.
വിദഗ്ധരായ തൊഴിലാളികളെയും ആവശ്യമാണ്. ഇതിന് ദീർഘകാലത്തേക്കുള്ള നിക്ഷേപവും വേണം.
എന്നാൽ വെനസ്വേലയില്‍ നിക്ഷേപിക്കാൻ തയാറാകുന്ന കമ്പനികൾക്ക് പൂർണ സുരക്ഷ ഉറപ്പു വരുത്തുമെന്നാണ് ട്രംപിന്റെ നിലപാട്.
വെനസ്വേലയിൽ ഏതാണ്ട് 100 ബില്യൻ ഡോളർ ( ഏകദേശം 9 ലക്ഷം കോടി രൂപ) നിക്ഷേപം നടത്താനാണ് ട്രംപിന്റെ പദ്ധതി. ചൈനയോ റഷ്യയോ വെനസ്വേലയിൽ ഇടപെടൽ നടത്തുന്നതിന് മുമ്പുതന്നെ കളത്തിലിറങ്ങാനാണ് യുഎസ് ഒരുങ്ങുന്നത്.
നിലവിൽ പ്രത്യേക അനുമതിയോടെ വെനസ്വേലയിൽ പ്രവർത്തിക്കുന്ന യുഎസ് എണ്ണക്കമ്പനിയായ ഷെവ്റോണ്‍, നിക്ഷേപം വർധിപ്പിക്കുന്ന കാര്യത്തിൽ ജാഗ്രതയോടെ നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ഒന്നര–രണ്ട് വര്‍ഷങ്ങൾക്കുള്ളിൽ എണ്ണയുൽപാദനം 50 ശതമാനം വർധിപ്പിക്കാമെന്ന് ട്രംപിന്റെ യോഗത്തിൽ ഇവർ ഉറപ്പുനൽകിയുണ്ട്.
പുതിയ നിക്ഷേപങ്ങളെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. മറ്റ് യുഎസ് കമ്പനികളും സമാനമായ നിലപാട് സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.
എന്താണ് തടസം
വെനസ്വേലയിലുള്ളത് ഹെവി അല്ലെങ്കിൽ എക്സ്ട്രാ ഹെവി ഇനത്തിലുള്ള എണ്ണപ്പാടങ്ങളാണ്.
ഇവിടെ നിന്ന് എണ്ണ ഖനനം ചെയ്തെടുക്കുന്നതിന് ഉയർന്ന് ചെലവുണ്ടെന്നാണ് റിപ്പോർട്ട്. ഉൽപാദനം പഴയ രീതിയിലാക്കാൻ നിരവധി കടമ്പകളുമുണ്ട്.
വലിയ സാമ്പത്തിക നിക്ഷേപവും ആവശ്യമാണ്. വരുമാനം ലഭിക്കാന്‍ വീണ്ടും കാത്തിരിക്കണം.
റിസ്കും ചെലവും കുറഞ്ഞ മറ്റ് എണ്ണപ്പാടങ്ങളുള്ളപ്പോൾ വെനസ്വേലയിലെ നിക്ഷേപം ആവശ്യമാണോയെന്നാണ് കമ്പനികൾ ചോദിക്കുന്നത്. ദീർഘകാലത്തേക്കുള്ള നിക്ഷേപത്തിന് പറ്റിയ ഇടമാണോ വെനസ്വേലയെന്ന് കമ്പനികൾക്ക് ഇതുവരെയും ഉറപ്പിക്കാൻ ആയിട്ടില്ലെന്നും റിപ്പോർട്ടുകൾ തുടരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

