പകരംതീരുവ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കയുടെ നിലപാടുകൾക്കും എതിരെ ആഞ്ഞടിച്ച് റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ.
അമേരിക്കയെ വിശ്വസിക്കാൻ പറ്റാതായെന്നും കഴിഞ്ഞ 20 വർഷത്തിലേറെയായി ഒപ്പംനിന്നിട്ടും ഇന്ത്യയ്ക്ക് നിരാശയാണ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന് 19% മാത്രം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ട്രംപ് ഇന്ത്യയ്ക്കുമേൽ 50% അടിച്ചേൽപ്പിച്ചു. ചൈനയ്ക്ക് ചുമത്തിയതിനേക്കാളും കൂടുതൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തിനുകിട്ടിയ അടിയാണിത്. എവിടെ കൊട്ടിഘോഷിച്ച മോദി-ട്രംപ് സൗഹൃദം? ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികളും ഇതുതന്നെയാണ് ചോദിക്കുന്നതെന്നും രാജൻ പറഞ്ഞു.
ഷിക്കാഗോ കൗൺസിൽ ഓൺ ഗ്ലോബൽ അഫയേഴ്സ് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജൻ. 50% തീരുവ ഇന്ത്യയിൽ ഒട്ടേറെ വ്യാവസായിക മേഖലകൾക്ക് തിരിച്ചടിയായി.
ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് കൂടുതൽ പ്രതിസന്ധിയിലായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരുവശത്ത് ഇന്ത്യയ്ക്ക് വമ്പൻ തീരുവ ചുമത്തിയ ട്രംപ്, മറുവശത്ത് ഇന്ത്യയുമായി പ്രതിരോധ സഹകരണത്തിന് ശ്രമിക്കുകയാണ്. 1970കളിൽ പാക്കിസ്ഥാനോട് കൂടുതൽ അടുക്കാനായിരുന്നു അമേരിക്ക ശ്രമിച്ചത്.
1971ലെ യുദ്ധത്തിൽ അമേരിക്ക പാക്കിസ്ഥാനൊപ്പം നിന്നപ്പോൾ ഇന്ത്യയെ പിന്തുണച്ചത് സോവിയറ്റ് യൂണിയനായിരുന്നു. 25 വർഷം ഇന്ത്യ സോവിയറ്റ് ക്യാംപിലായിരുന്നു.
ഏറെക്കാലമെടുത്താണ് ഇന്ത്യ അതിൽനിന്ന് പുറത്തുകടന്നത്. ഇന്ത്യയ്ക്ക് ഒട്ടേറെ സൗഹൃദതലങ്ങളൊന്നുമില്ല.
അയൽക്കാരാണെങ്കിലും ചൈനയെ സംശയത്തോടെയേ ഇന്ത്യ കാണുന്നുള്ളൂ. ചൈനയുമായി ഇന്ത്യ യുദ്ധത്തിലും ഏർപ്പെട്ടിരുന്നു.
ചൈനീസ് നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ചൈനയെ അമിതമായി ആശ്രയിക്കുന്നതിനോടും ഇന്ത്യയ്ക്ക് താൽപര്യമില്ല.
ജപ്പാൻ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ‘ക്വാഡ്’ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സൗഹൃദമുണ്ട്. അമേരിക്കയുമായി നല്ല ബന്ധം തുടരാനാണ് ഇന്ത്യ ആഗ്രഹിച്ചതും.
എന്നാൽ, തിരിച്ചുകിട്ടിയത് നിരാശ മാത്രമാണെന്നും രാജൻ പറഞ്ഞു. ഒരിക്കൽ മോശമായ ബന്ധം വീണ്ടും മെച്ചപ്പെടുത്തുക എളുപ്പമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

