യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉഗ്രവാശിയോടെ ഇന്ത്യ ഉൾപ്പെടെ ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ പ്രഖ്യാപിച്ച കനത്ത പകരംതീരുവയുടെ ഭാവി ഇന്നറിയാം. ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും ഇല്ലാത്ത അധികാര പ്രയോഗവുമാണെന്ന് 2 കീഴ്ക്കോടതികൾ വിധിച്ചിരുന്നു.
ഇതിനെതിരെ ട്രംപ് സമർപ്പിച്ച അപ്പീലിന്മേലുള്ള വിധിയാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
തീരുവകൾ നിൽനിൽക്കുമോ എന്ന സംശയം നേരത്തേ വാദംകേട്ടപ്പോൾ സുപ്രീം കോടതിയും ഉന്നയിച്ചിരുന്നു. സുപ്രീം കോടതി വിധിയും എതിരായാൽ ട്രംപിന് അത് രാജ്യാന്തരതലത്തിൽ തന്നെ വലിയ ആഘാതവും നാണക്കേടുമാകും.
ഇതിനകം തീരുവയായി പിരിച്ചെടുത്ത തുകയെല്ലാം അതത് കമ്പനികൾക്ക് തിരിച്ചുംകൊടുക്കേണ്ടി വരും.
സുപ്രീം കോടതിയും തീരുവ അസാധുവാക്കിയാൽ യുഎസിന് അതു വൻ സാമ്പത്തിക ദുരന്തമാകുമെന്നും മൂന്നാംനിര രാജ്യമായി അധഃപതിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. നിലവിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ തീരുവ ആയുധമാക്കി ട്രംപ് നേടാൻ ശ്രമിക്കുന്ന മേധാവിത്തത്തിന്റെയും അടിവേരിളകും.
ഇന്ത്യയും സുപ്രീം കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയോടെ കണ്ണുംനട്ടിരിപ്പാണ്.
തോറ്റാലും വേറെ വഴിയുണ്ട്
ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം ട്രംപ് കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച തീരുവയുടെ സാധുതയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്.
എന്നാൽ, സുപ്രീം കോടതി വിധി എതിരായാലും തീരുവ ചുമത്തുന്നത് തുടരാൻ പ്രസിഡന്റിനെ അനുവദിക്കുന്ന വേറെയും ചട്ടങ്ങളുണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. അതേസമയം, താരിഫ് ചുമത്തിയത് വൻ നേട്ടമായെന്നും യുഎസിന്റെ വ്യാപാരകമ്മി 2009ന് ശേഷമുള്ള ഏറ്റവും താഴ്ചയിലെത്തിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലും വ്യക്തമാക്കി.
താരിഫ് വരുമാനം 600 ബില്യൻ ഡോളറും കടന്നു.
ഇന്ത്യയ്ക്ക് ആഘാതം
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് മൊത്തം 50% തീരുവയാണ് ട്രംപ് ഭരണകൂടം ചുമത്തുന്നത്. ഇത് 500 ശതമാനത്തിലേക്ക് ഉയർത്താനുള്ള ബില്ലും റെഡിയാക്കി വച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത് ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇന്നലെ കനത്ത ആഘാതമായിരുന്നു. ഇന്നലെ ഒറ്റദിവസം സെൻസെക്സിൽ നിക്ഷേപക സമ്പത്തിൽ നിന്ന് കൊഴിഞ്ഞുപോയത് 8 ലക്ഷം കോടി രൂപയോളമാണ്.
യുഎസിലേക്ക് കയറ്റുമതിയുള്ള സമുദ്രോൽപന്നം, ടെക്സ്റ്റൈൽ ഉൾപ്പെടെയുള്ള മേഖലകളിലെ കമ്പനികളുടെ ഓഹരികളിൽ ഇന്നലെ വൻ ഇടിവുമുണ്ടായി.
കേരളക്കമ്പനിയായ കിറ്റെക്സ് 3 ശതമാനത്തിലേറെ നഷ്ടം നേരിട്ടു. അതേസമയം, ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 30 പോയിന്റ് ഉയർന്നിട്ടുണ്ടെന്നത് സെൻസെക്സിനും നിഫ്റ്റിക്കും ഇന്ന് നേട്ടത്തോടെ തുടങ്ങാമെന്ന ശുഭപ്രതീക്ഷ നൽകുന്നുണ്ട്.
എന്നാലും 500% തീരുവ ഭീതിയുടെ ആശങ്ക ഒഴിയുന്നില്ല.
ജിഡിപി ഇടിയുമെന്ന് യുഎൻ
ഇതിനിടെ യുഎൻ ഇന്ത്യയ്ക്ക് 2026ൽ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ചാ അനുമാനം കുത്തനെ വെട്ടിക്കുറച്ചതും തിരിച്ചടിയായി. 2025ൽ 7.4% വളരുന്ന ഇന്ത്യ 2026ൽ 6.6 ശതമാനം വളർച്ചയേ കുറിക്കൂ എന്നാണ് റിപ്പോർട്ട്.
യുഎസ് ഇന്ത്യയ്ക്കുമേൽ ചുമത്തുന്ന കനത്ത തീരുവ തന്നെയാണ് തിരിച്ചടിയാവുക. 2027ൽ ജിഡിപി വളർച്ച 6.7 ശതമാനമാകുമെന്നും യുഎൻ പറയുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പണച്ചുരുക്കത്തിന്റെ (ഡിഫ്ലേഷൻ) പിടിയിലായിരുന്ന ചൈന പണപ്പെരുപ്പത്തിലേക്ക് (ഇൻഫ്ലേഷൻ) കടന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നു.
ഡിസംബറിൽ 0.8 ശതമാനമാണ് പണപ്പെരുപ്പം. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയരമാണിത്.
ചൈനയിൽ ഉപഭോക്തൃ ഡിമാൻഡും ഉൽപന്ന/സേവന വിലകളും മെച്ചപ്പെടുകയാണെന്ന് ഇതു വ്യക്തമാക്കുന്നു.
താരിഫ് വിധികാക്കുന്ന ഓഹരി
ചൈനീസ് ഓഹരി വിപണിയും ഇന്ന് നേട്ടത്തിലായിട്ടുണ്ട്. ഷാങ്ഹായ് സൂചിക 0.63% ഉയർന്നു.
ഹോങ്കോങ് സൂചിക 0.41% കയറി. ജാപ്പനീസ് നിക്കേയ് 0.54% ഉയർന്നു.
ദക്ഷിണ കൊറിയയുടെ കോസ്പി 0.41% താഴ്ന്നു. യൂറോപ്യൻ വിപണികൾ പൊതുവേ സമ്മിശ്രമാണ്.
യുഎസിൽ ‘താരിഫ് വിധി’ വരാനിരിക്കേ, ഫ്യൂച്ചേഴ്സ് വിപണിയും ഉഷാറല്ല. ഡൗ 7 പോയിന്റ് മാത്രം കയറി.
എസ് ആൻഡ് പി500, നാസ്ഡാക് എന്നിവ നഷ്ടത്തിലേക്കും വീണു. കഴിഞ്ഞമാസത്തെ തൊഴിൽക്കണക്ക് ഉടൻ പുറത്തുവരുമെന്ന ആശങ്കയും നിഴലിക്കുന്നു.
എനിക്ക് എന്റെ നീതി
അതേസമയം, തനിക്ക് രാജ്യാന്തര നിയമമൊന്നും വേണ്ടെന്നും സ്വന്തം നീതിയാണ് തന്നെ നയിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
വെനസ്വേലയിലേക്ക് കടന്നുകയറി പ്രസിഡന്റ് മഡുറോയെയും ഭാര്യയെയും പിടികൂടി അമേരിക്കൻ ജയിലിലാക്കുകയും വെനസ്വേലൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണവിപണി പിടിച്ചടുക്കുകയും ചെയ്തശേഷം ട്രംപ് ഇപ്പോൾ ഉന്നമിടുന്നത് ഗ്രീൻലൻഡിനെയാണ്.
ഡെന്മാർക്കിന്റെ ഭാഗമായ, ധാതുസമ്പന്നമായ ഗ്രീൻലൻഡിനെ യുഎസിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഓരോ ഗ്രീൻലൻഡ് സ്വദേശിക്കും ഒരുലക്ഷം ഡോളർ വീതം ‘സമ്മാനം’ നൽകാനും ആലോചനയുണ്ട്.
പകരം ഇവർ ഡെന്മാർക്കുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള സമ്മതം അറിയിക്കണം.
ഇതിനിടെ, രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ട് പ്രക്ഷോഭം നടത്തുന്നവരെ വെടിവച്ചു കൊലപ്പെടുത്താനുള്ള നീക്കവുമായി ഇറാൻ ഭരണകൂടം മുന്നോട്ടുപോയാൽ അമേരിക്ക ഇറാനെ ആക്രമിക്കുമെന്ന സൂചനയും ട്രംപ് നൽകി. യുക്രെയ്നിൽ വ്യാപകമായി റഷ്യയുടെ മിസൈൽ ആക്രമണവും തുടരുകയാണ്.
സ്വർണവും എണ്ണയും
ഇങ്ങനെ, ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും ‘കത്തിനിൽക്കുന്നത്’ സ്വർണത്തിനും ക്രൂഡ് ഓയിലിനും നേട്ടമാകുന്നുണ്ട്.
സ്വർണവില ഇന്നുരാവിലെ ഔൺസിന് 17 ഡോളർ ഉയർന്ന് 4,470 ഡോളറിലെത്തി.
എണ്ണ കയറ്റുമതി രാജ്യങ്ങളായ വെനസ്വേല, ഇറാൻ, റഷ്യ എന്നിവ സംഘർഷങ്ങളുടെ പിടിയിലായത് എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്കയാണ് ക്രൂഡ് ഓയിൽ വിലയെ മുന്നോട്ട് നയിക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.48% കയറി 58.04 ഡോളറിലെത്തി.
ബ്രെന്റ് വില 0.53% ഉയർന്ന് 63.32 ഡോളർ.
വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (എഫ്ഐഐ) വിറ്റൊഴിയൽ മനോഭാവമാണ് ഇന്ത്യൻ ഓഹരികളെ അലട്ടുന്ന മറ്റൊരു ആശങ്ക. ഇന്നലെ അവർ 3,367 കോടി രൂപയാണ് പിൻവലിച്ചത്. ഡോളറിനെതിരെ രൂപയാകട്ടെ 3 പൈസ താഴ്ന്ന് 89.90ലും എത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

