സ്മാർട്ട്ഫോൺ നിർമ്മാണ മേഖലയിൽ വലിയ പ്രതിസന്ധികൾക്ക് വഴിയൊരുക്കിക്കൊണ്ട് ഘടകഭാഗങ്ങളുടെ വിലയിൽ വൻ വർധന. പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ Omdia പുറത്തുവിട്ട
പുതിയ റിപ്പോർട്ടാണ് സ്മാർട്ട്ഫോൺ വിപണിയിലെ ആശങ്കകൾക്ക് ആക്കം കൂട്ടുന്നത്. പ്രത്യേകിച്ച് ബജറ്റ്-മിഡ്റേഞ്ച് സ്മാർട്ട്ഫോണുകളെയാണ് ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം, 400 ഡോളറിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ റാം (RAM), മെമ്മറി എന്നിവയുടെ നിർമ്മാണച്ചെലവ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. നിലവിൽ ഇത്തരം ഫോണുകളുടെ മൊത്തം ഉൽപ്പാദനച്ചെലവിന്റെ 59% മുതൽ 64% വരെയാണ് മെമ്മറി ഘടകങ്ങൾക്കായി ചെലവഴിക്കേണ്ടി വരുന്നത്.
2025-ലെ മൂന്നാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ) ഇത് 31% മുതൽ 33% വരെ മാത്രമായിരുന്നു. ഒരു വർഷത്തിനുള്ളിൽ തന്നെ ഈ നിരക്കുകളിൽ ഇരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ബജറ്റ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. വില കൂടിയ ഫ്ലാഗ്ഷിപ്പ് ഫോണുകളെ അപേക്ഷിച്ച്, ബജറ്റ് വിഭാഗത്തിൽ ലാഭവിഹിതം വളരെ കുറവായതിനാൽ ഈ അധികച്ചെലവ് കമ്പനികൾക്ക് താങ്ങാനാവാത്തതാണ്.
Omdia-യുടെ കണക്കുകൂട്ടലുകൾ പ്രകാരം, 400 ഡോളറിൽ താഴെ വിലയുള്ള ഫോണുകളുടെ വിപണിയിൽ 22% ഇടിവ് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. വിപണിയിലെ ഈ പ്രതിസന്ധി മറികടക്കാൻ രണ്ട് വഴികളാണ് പ്രധാനമായും നിർമ്മാതാക്കൾക്ക് മുന്നിലുള്ളത്.
ഒന്നുകിൽ ഫോണിന്റെ വില വർധിപ്പിക്കുക, അല്ലെങ്കിൽ ഘടകഭാഗങ്ങളുടെ നിലവാരം കുറയ്ക്കുക. എന്നാൽ വില വർധിപ്പിക്കുന്നത് ബജറ്റ് ഉപഭോക്താക്കളെ അകറ്റാൻ കാരണമാകും.
മറിച്ച്, ഫോണിന്റെ സാങ്കേതികവിദ്യയിൽ വിട്ടുവീഴ്ച ചെയ്യുന്നത് ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കും. പല കമ്പനികളും കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയുടെ പേര് പറഞ്ഞ് വില വർധനയെ ന്യായീകരിക്കാൻ ശ്രമിക്കുമെങ്കിലും, അത് ഉപഭോക്താക്കളെ എത്രത്തോളം തൃപ്തിപ്പെടുത്തുമെന്നത് കണ്ടറിയണം.
നിലവിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക്, ഫോൺ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കാതെ നിലവിലുള്ളത് തന്നെ തുടരുന്നത് ഉചിതമായിരിക്കുമെന്നാണ് ഈ റിപ്പോർട്ട് നൽകുന്ന സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

