അംഗബലം ഗണ്യമായി കുറഞ്ഞത് തിരുവനന്തപുരം നഗരത്തിലെ പൊലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നു. രാത്രികാല പട്രോളിങ്ങിനും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ സുരക്ഷാ പരിശോധനകൾക്കും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
അമിത ജോലിഭാരവും ഡബിൾ ഡ്യൂട്ടിയും കൃത്യമായ വിശ്രമമില്ലായ്മയും സേനയിലെ ഉദ്യോഗസ്ഥരെ കടുത്ത മാനസിക-ശാരീരിക സമ്മർദ്ദത്തിലാക്കുന്നുണ്ട്. ‘ഓപ്പറേഷൻ തൂഫാൻ’, ‘മൈ പൊലീസ് സ്റ്റേഷൻ’ തുടങ്ങിയ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചെങ്കിലും, ഈ ജോലികൾ നിർവഹിക്കാൻ പര്യാപ്തമായ ഉദ്യോഗസ്ഥർ സ്റ്റേഷനുകളിൽ ഉണ്ടോയെന്ന് പരിശോധിക്കാറില്ല.
തലസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷനുകളിൽ വലിയ തോതിലുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്ലിഫ് ഹൗസ്, രാജ്ഭവൻ, നിയമസഭ എന്നിവ ഉൾപ്പെടുന്ന മ്യൂസിയം സ്റ്റേഷനിൽ 12 ഒഴിവുകൾ നിലവിലുണ്ട്.
ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഫോർട്ട് സ്റ്റേഷനിൽ 25 ഒഴിവുകളും, സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന കന്റോൺമെന്റ് സ്റ്റേഷനിൽ 16 ഒഴിവുകളും ഉണ്ട്. കൂടാതെ, റെയിൽവേ സ്റ്റേഷനും പ്രധാന കെഎസ്ആർടിസി ബസ് സ്റ്റാൻഡും ഉൾപ്പെടുന്ന തമ്പാനൂർ സ്റ്റേഷനിൽ 20 ഒഴിവുകളാണ് നികത്താനുള്ളത്.
സ്റ്റേഷനിലെ സാധാരണ ജോലികൾക്ക് പുറമെ കേസ് അന്വേഷണം, പട്രോളിങ്, കോടതി ഡ്യൂട്ടി, വിവിധ സുരക്ഷാ ചുമതലകൾ എന്നിവയും നിലവിലുള്ള കുറഞ്ഞ ഉദ്യോഗസ്ഥർ തന്നെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ്.
തലസ്ഥാനത്തെ പ്രധാന പോയിന്റുകളിൽ കർശനമായ പൊലീസ് പരിശോധനകൾ നടക്കുന്നില്ലെന്ന് ഒരു മാസം മുൻപ് സംസ്ഥാന പൊലീസ് മേധാവി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, പരിശോധനയ്ക്കും പട്രോളിങ്ങിനും ആവശ്യമായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല.
മുഖ്യമന്ത്രി, മന്ത്രിമാർ, ഗവർണർ തുടങ്ങി സംസ്ഥാനത്തെ പ്രമുഖ വ്യക്തികളുടെ ഔദ്യോഗിക പരിപാടികൾക്കും യാത്രാവേളകളിലും നിരന്തരം സുരക്ഷാ ചുമതലകൾ വഹിക്കേണ്ടതുണ്ട്. ഇതിനു പുറമെ സ്റ്റേഷൻ ഡ്യൂട്ടികൾ കൂടിയാകുമ്പോൾ തിരുവനന്തപുരം സിറ്റി പൊലീസിന്റെ ജോലിഭാരം ഇരട്ടിക്കുന്നു.
സുരക്ഷയ്ക്കായി മാത്രം വലിയൊരു വിഭാഗം സേനയെ വിന്യേക്കേണ്ടി വരുന്നതിനാൽ സ്റ്റേഷനുകളിലും പട്രോളിങ് സംഘങ്ങളിലും അംഗബലം തീരെ കുറവാണ്. രാത്രികാല ഡ്യൂട്ടിക്ക് ശേഷം കാര്യമായ ഇടവേളകളില്ലാതെ വീണ്ടും ജോലിക്കെത്തേണ്ട
സാഹചര്യം പല ഉദ്യോഗസ്ഥർക്കുമുണ്ട്. ഇത് കടുത്ത ഉറക്കക്കുറവിനും ശാരീരിക ക്ഷീണത്തിനും കാരണമാകുന്നുണ്ട്.
ഇതിനിടയിലാണ് സർക്കാരിന്റെ പുതിയ പദ്ധതികളും അധിക ചുമതലകളും നടപ്പിലാക്കുന്നത്. വനിതാ പൊലീസുകാരുടെയും അവസ്ഥ ഇതിൽ നിന്ന് വ്യത്യസ്തമല്ല.
സ്റ്റേഷൻ ചുമതലകൾക്ക് പുറമെ സുരക്ഷാ ഡ്യൂട്ടികൾക്കും പട്രോളിങ്ങിനും ഇവരെയും നിയോഗിക്കേണ്ടി വരുന്നു. നിലവിലുള്ള ഒഴിവുകൾ നികത്താതെ പുതിയ പദ്ധതികൾ മാത്രം പ്രഖ്യാപിക്കുന്നത് അവയുടെ കാര്യക്ഷമതയെ ബാധിക്കുമെന്ന ആശങ്ക സേനയ്ക്കുള്ളിൽ ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

