തിരുവല്ല റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കപ്പെടുന്നില്ല. സ്റ്റേഷനിൽ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാൻ നിലവിൽ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്.
അരമണിക്കൂർ വരി നിന്നാലും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. ക്യൂവിൽ നിൽക്കുന്നവർക്ക് പലപ്പോഴും ഉദ്ദേശിച്ച ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
രാവിലെ 7.30 മുതൽ 10 വരെയുള്ള സമയത്താണ് സ്റ്റേഷനിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഇതു കൂടാതെ വൈകിട്ട് 4.30 മുതൽ 6.30 വരെയും സമാനമായ രീതിയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
മുൻപ് സ്റ്റേഷനിൽ 4 കൗണ്ടറുകൾ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ പ്രതിസന്ധി. ടിക്കറ്റിനായി രണ്ടും റിസർവേഷനായി രണ്ടും കൗണ്ടറുകളായിരുന്നു മുൻപ് പ്രവർത്തിച്ചിരുന്നത്.
എന്നാൽ മാസങ്ങളായി ഇതിൽ 2 കൗണ്ടറുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ടിക്കറ്റിനും റിസർവേഷനും ഓരോ കൗണ്ടർ വീതം മാത്രമാണ് ഇപ്പോൾ ഉള്ളത്.
എങ്കിലും സാങ്കേതിക തകരാർ ഉണ്ടായാൽ ഒരു കൗണ്ടർ മാത്രമായിരിക്കും പ്രവർത്തിക്കുക. യാത്രക്കാർക്ക് സ്വയം ടിക്കറ്റ് എടുക്കുന്നതിനുള്ള മെഷീൻ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവർത്തനം ഇതുവരെയും തുടങ്ങിയിട്ടില്ല.
തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരാണ് ഇതിൽ കൂടുതലായി ബുദ്ധിമുട്ട് നേരിടുന്നത്. കൂടാതെ സീസൺ ടിക്കറ്റുകാരും വലിയ രീതിയിൽ വലയുന്നുണ്ട്.
തിരക്കുള്ള സമയങ്ങളിൽ കുറഞ്ഞത് 50 പേരെങ്കിലും ക്യൂവിൽ ഉണ്ടാകാറുണ്ട്. ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ് സ്റ്റേഷനിൽ എത്തിയാലും ടിക്കറ്റ് എടുത്ത് ഉദ്ദേശിച്ച ട്രെയിനിൽ യാത്ര തിരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു.
ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയുടെ നവീകരണത്തിനായി കോടികൾ മുടക്കുന്നുണ്ടെങ്കിലും യാത്രക്കാരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് മാത്രം ശാശ്വത പരിഹാരം കാണുന്നില്ലെന്നാണ് പ്രധാന ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

