സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലയിടവാണ് കേരളത്തിലും പ്രതിഫലിച്ചത്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ അടിസ്ഥാന പലിശനിരക്കുകൾ കൂടാനുള്ള സാധ്യതയും അതേത്തുടർന്ന് ഡോളറും ബോണ്ട് യീൽഡും ശക്തിപ്രാപിക്കുന്നതുമാണ് സ്വർണവിലയെ താഴത്തേക്ക് നയിക്കുന്നത്. കേരളത്തിൽ ഇന്നുരാവിലെ വില ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,130 രൂപയായി.
480 രൂപ കുറഞ്ഞ് പവൻവില 1,13,040 രൂപയിലെത്തി. യുഎസിൽ കഴിഞ്ഞമാസം പ്രതീക്ഷിച്ചതിലും കൂടുതൽ പേർക്ക് പുതുതായി ജോലി കിട്ടിയെന്ന കണക്കുകൾ പുറത്തുവന്നിരുന്നു.
ഇതോടെയാണ് പലിശപ്പേടി കനത്തത്. തൊഴിൽ വിപണി ശക്തമാകുന്നത് യുഎസ് സമ്പദ്വ്യവസ്ഥ കരുത്താർജ്ജിച്ചതിന്റെ തെളിവായാണ് കാണുക.
ഈ സാഹചര്യത്തിൽ പണപ്പെരുപ്പത്തോടുള്ള യുദ്ധം പുനരാരംഭിക്കാമെന്ന് കരുതുന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, അതിനായി ഉടൻ പലിശനിരക്ക് കൂട്ടിയേക്കാമെന്നാണ് വിലയിരുത്തൽ. ഇതോടെ ഡോളറും ബോണ്ട് യീൽഡും ഉയർന്നു; സ്വർണവില താഴേക്കും നീങ്ങി.
ഒരുവേള ഔൺസിന് 4392 ഡോളർ വരെ എത്തിയ രാജ്യാന്തരവില ഇപ്പോഴുള്ളത് 4404 ഡോളറിൽ. പലിശഭാരം കൂട്ടാനുള്ള നീക്കത്തെ മുളയിലേ നുള്ളാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തിറങ്ങിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും പലിശനിരക്ക് കുറവുള്ള രാജ്യമായിരിക്കണം യുഎസ് എന്നും പലിശ കുറയ്ക്കുകയാണ് വേണ്ടതെന്നുമാണ് ട്രംപിന്റെ വാദം. ഇനിയെങ്ങാനും പലിശ കൂട്ടാനാണ് യുഎസ് ഫെഡ് തീരുമാനിക്കുന്നെങ്കിൽ താൻ തീരുവയുദ്ധം പുനരാരംഭിക്കുമെന്നും അമേരിക്കയ്ക്ക് വലിയ വ്യാപാരക്കമ്മിയുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം നിർത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
അമേരിക്കയുടെ പുതിയ പണപ്പെരുപ്പക്കണക്ക് വെള്ളിയാഴ്ച പുറത്തുവരും. കണക്കുകൾ ആശാവഹമെങ്കിൽ യുഎസ് ഫെഡ് ട്രംപിനെ പിന്തുണച്ച് പലിശഭാരം കൂട്ടുന്നതിൽ നിന്ന് വിട്ടുനിൽക്കാനാണ് സാധ്യത.
പണപ്പെരുപ്പം കൂടിയാൽ ട്രംപിനെ തള്ളിക്കൊണ്ട് യുഎസ് ഫെഡ് പലിശനിരക്ക് കൂട്ടാനും മുതിരും. ഇത് സ്വർണത്തിന് കനത്ത തിരിച്ചടിയാകും; വില ഇടിയും.
ട്രംപും യുഎസ് ഫെഡും തമ്മിലെ ബന്ധം മോശമാകുന്നതും ആഗോളതലത്തിൽ ഓഹരി, കടപ്പത്രം, സ്വർണം വിപണികളെ ഉലയ്ക്കും. കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ താഴ്ന്ന് 11,610 രൂപയായി.
14 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ കുറഞ്ഞ് 9,040 രൂപയിലെത്തി. 9 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,830 രൂപ.
വെള്ളിക്ക് വില മാറിയിട്ടില്ല; ഗ്രാമിന് 250 രൂപ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

