മികച്ച രണ്ടാം പാദഫലങ്ങളുടെ കൂടി പിന്തുണയിൽ മുൻ ആഴ്ചകളിലെല്ലാം മുന്നേറ്റം നേടി വന്ന ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ അടിതെറ്റി. ഫെഡ് നിരക്ക് കുറച്ചതിനു ശേഷം ഡോളർ നടത്തിയ മുന്നേറ്റവും സെബിയുടെ നിർദേശ പ്രകാരം ബാങ്ക് നിഫ്റ്റിയിൽ പ്രധാന ബാങ്കുകളുടെ വെയിറ്റേജ് കുറയുന്നതും മുൻനിര ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾക്കു തിരുത്തൽ നൽകിയതാണ് ആഴ്ചയിലെ അവസാന ദിനങ്ങളിൽ ഇന്ത്യൻ വിപണിയിലെ തിരുത്തലിന് വഴിവച്ചത്.
സെന്‍സെക്സ് 465 പോയിന്റ് താഴ്ന്ന് 83938ലും നിഫ്റ്റി 155 പോയിന്റ് താഴ്ന്ന് 25722ലുമാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്ക് നിഫ്റ്റിയിലെ വെയിറ്റേജ് കുറച്ചത് എച്ച്ഡിഎഫ്സി ബാങ്കിനെയും ഐസിഐസിഐ ബാങ്കിനെയും വെള്ളിയാഴ്ച ഓരോ ശതമാനത്തിൽ കൂടുതൽ വീഴ്ത്തി. ബജാജ് ഫിൻസെർവും എച്ച്ഡിഎഫ്സി ലൈഫും നിഫ്റ്റിയിലെ ഫാർമ-ആശുപത്രി ഓഹരികളും വെള്ളിയാഴ്ച ഓരോ ശതമാനത്തിൽ കൂടുതൽ വീണപ്പോൾ 3.5 ഇടിഞ്ഞ ഇറ്റേണൽ നിഫ്റ്റിയിലെ ഏറ്റവും വലിയ നഷ്ടം കുറിച്ച ഓഹരിയായും മാറി.
രൂപയുടെ വീഴ്ച
ഇന്ത്യൻ രൂപ ഡോളറിനെതിരെ വീണ്ടും വീണതും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയുടെ ഗതി നിർണയിച്ചു.
ബുധനാഴ്ച അമേരിക്കൻ ഡോളറിനെതിരെ 88.20/- നിരക്കിൽ ക്ലോസ് ചെയ്ത രൂപ വെള്ളിയാഴ്ച 88.769/- ലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ ഏറ്റവും മോശം നിലയ്ക്കരികിൽ നിൽക്കുന്ന ഇന്ത്യൻ രൂപയുടെ തുടർ ചലനങ്ങൾ തന്നെയാകും അടുത്ത ആഴ്ച ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയെന്ന് ഓഹരി വിദഗ്ധനായ അഭിലാഷ് പുറവൻതുരുത്തിൽ പറയുന്നു.
വിപണി പ്രതീക്ഷിച്ചിരുന്നത് പോലെ ഫെഡ് നിരക്ക് 4 ശതമാനത്തിലേക്ക് കുറച്ചെങ്കിലും അമേരിക്കൻ ഫെഡ് റിസർവ് ഡിസംബറിൽ നിരക്ക് കുറച്ചേക്കില്ല എന്ന സൂചന ഫെഡ് ചെയര്‍മാന്റെ പ്രസ്താവനയിലുണ്ടായിരുന്നത് ഡോളറിന് വീണ്ടും മുന്നേറ്റം നൽകിയതായി അദ്ദേഹം കൂട്ടിചേർത്തു.
ബാങ്ക് നിഫ്റ്റി
മാർച്ചിനു മുൻപായി നാല് ഘട്ടമായി ബാങ്ക് നിഫ്റ്റിയിലെ റീസ്ട്രക്ച്ചറിങ് പൂർത്തിയാകുമ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും വെയ്റ്റേജുകൾ കുറയുകയും തൽഫലമായി ഓഹരികളിൽ നിന്നും ഫണ്ട് ഔട്ട്ഫ്ലോയ്ക്ക് കാരണമാകുകയും ചെയ്യും.
സെബി നിർദേശം അടിസ്ഥാനമാക്കി ബാങ്ക് നിഫ്റ്റിയിലെ ഓഹരികളുടെ എണ്ണം 12ൽ നിന്നും 14 ലേക്ക് ഉയരും.
ഡിസംബറിലാണ് ബാങ്ക് നിഫ്റ്റിയിലെ ആദ്യ മാറ്റങ്ങൾ നടക്കുക.
എങ്ങുമെത്താതെ വ്യാപാര തീരുവ
അമേരിക്കയുടെ വ്യാപാര തീരുവ ചർച്ചകൾ വരും ആഴ്ചകളിലും ലോക വിപണിയെ സ്വാധീനിക്കും. ചൈനയുമായി അമേരിക്ക ധാരണയിലെത്തുമ്പോളും ഇന്ത്യ പിന്നിലായിപ്പോകുന്നത് രാജ്യാന്തര ഫണ്ടുകളുടെ നിക്ഷേപ തീരുമാനങ്ങളെയും സ്വാധീനിക്കുമെന്നതും ഇന്ത്യൻ വിപണിക്ക് നിർണായകമാണ്.
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ ആശാവഹമായ രീതിയിൽ പുരോഗമിക്കുന്നു എന്ന കേന്ദ്ര വാണിജ്യ മന്ത്രിയുടെ സൂചനകൾ ട്രംപും ആവർത്തിച്ച് തുടങ്ങിയത് വിപണി പ്രത്യാശയോടെ കാണുന്നു.
അവധി
ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഇന്ത്യൻ വിപണിക്ക് ബുധനാഴ്ച അവധിയാണ്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

