തിരുവനന്തപുരത്ത് പതിനേഴുകാരനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ സംഭവത്തിൽ പെൺസുഹൃത്തിനെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഒളിപ്പിക്കാൻ ഇവർ വിളിച്ചുവരുത്തിയ, ക്രിമിനൽ പശ്ചാത്തലമുള്ള ഉമർ എന്നയാളെയും പിടികൂടിയിട്ടുണ്ട്.
പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് വ്യക്തമാക്കി. ബെൽറ്റ് ഉപയോഗിച്ചു കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നാണു കസ്റ്റഡിയിലുള്ള കൗമാരക്കാരൻ പൊലീസിനു നൽകിയിരിക്കുന്ന മൊഴി.
ഞായറാഴ്ച കാണാതായ പ്ലസ് വൺ വിദ്യാർഥി എം.ഡി.അഭിരാമിന്റെ മൃതദേഹമാണ് ചാക്കിൽ കെട്ടിയ നിലയിൽ ശ്രീകാര്യം പാങ്ങപ്പാറ കമുകിൻകോട് ക്ഷേത്രത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന് ഇന്നലെ വൈകിട്ടു കണ്ടെത്തിയത്. പാങ്ങപ്പാറ ഭഗത്സിങ് നഗറിൽ പുതുവൽ പുത്തൻ വീട്ടിൽ മധുകുമാറിന്റെയും ധർമജയുടെയും മകനാണ് കൊല്ലപ്പെട്ട
അഭിരാം. അച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് അഭിരാമിന്റെ താമസം.
അമ്മയും സഹോദരിയും വിദേശത്താണു ജോലി ചെയ്യുന്നത്. നാലാഞ്ചിറയിലെ സ്കൂളിൽ പഠിക്കുന്ന അഭിരാം ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയാണു വീട്ടിൽനിന്നിറങ്ങിയത്.
രാത്രി ഏഴോടെ വീട്ടിലേക്കു വിളിച്ച് ഉടൻ എത്തുമെന്നു പറഞ്ഞെങ്കിലും പിന്നീടു വിളിച്ചപ്പോൾ ഫോൺ ഓഫായിരുന്നെന്നു പിതാവ് മധുകുമാർ പറയുന്നു. ഫോണിൽ വിളിച്ചു കിട്ടാതായതോടെ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു.
കാണാതായ കേസ് അന്വേഷണത്തിനിടെയാണ് പെൺസുഹൃത്തും കൗമാരക്കാരനും പൊലീസിന്റെ പിടിയിലാകുന്നത്. അഭിരാം വീട്ടിൽനിന്നിറങ്ങുന്നതിനു മുൻപ് പെൺസുഹൃത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നു സന്ദേശം എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
കസ്റ്റഡിയിലുള്ള കൗമാരക്കാരനൊപ്പം കാറിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അഭിരാമും പെൺസുഹൃത്തും തമ്മിൽ സമൂഹമാധ്യമത്തിലൂടെ നടത്തുന്ന ചാറ്റുകൾ പെൺകുട്ടിയുടെ സുഹൃത്തായ പതിനേഴുകാരനും കാണാറുണ്ടെന്നും ഇയാളുടെ ഫോണിലും ഈ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെന്നുമാണു വിവരം.
പെൺസുഹൃത്തിന്റേതെന്ന രീതിയിൽ അഭിരാമിനു ലഭിച്ച സന്ദേശങ്ങൾ പ്രതിയാണ് അയച്ചതെന്നുമാണ് സൂചന. പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കത്തിൽ അഭിരാം കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സമ്മതിച്ചതും മൃതദേഹം ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തിയതും. മൃതദേഹം ഒളിപ്പിക്കാനാണ്, മുൻപു പരിചയമുള്ള ഉമറിന്റെ സഹായം തേടിയതെന്നുമാണ് പ്രതികളുടെ മൊഴി.
ഇത് ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് ഇതുവരെ എത്തിയിട്ടില്ല. ഭയപ്പെടുത്താൻ വിളിക്കുകയും ഇതിനിടെയുണ്ടായ സംഘർഷത്തിൽ അഭിരാം കൊല്ലപ്പെടുകയുമായിരുന്നുവെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
ശ്വാസകോശ സംബന്ധമായ അസുഖമുള്ള ആളാണ് അഭിരാമെന്നു ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

