കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെ നാലേമുക്കാലോടെയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കടത്തിക്കൊണ്ടുവന്ന 102 പവനുമായി ഇരുപത്തിയേഴുകാരിയും, അതു തട്ടിയെടുക്കാൻ എത്തിയ മറ്റൊരു സംഘവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് നാല് പേരെ പൊലീസ് പിടികൂടി.
പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിക്കാൻ ശ്രമിച്ച നാല് പേർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ബഹ്റൈനിൽനിന്നു ഷാർജ വഴി കോഴിക്കോട്ടു വിമാനമിറങ്ങിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27), ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹർഷൽ (40) എന്നിവരെയാണ് കസ്റ്റംസിനു കൈമാറിയത്.
എമർജൻസി ലാംപിലെ ബാറ്ററി കെയ്സിനുള്ളിൽ 14 ചെറുഷീറ്റുകളായി അടുക്കിയ നിലയിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് പരിശോധനയിൽ കണ്ടെത്താനാകാതിരുന്ന ഈ സ്വർണത്തിന് ഒരു കോടിയിലേറെ രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.
കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് ഈ സ്വർണം അഭിരാമിക്കു കൈമാറിയതെന്നാണു വിവരം. തുടർന്ന്, അഭിരാമിയും ഹർഷലും വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ എത്തിയപ്പോഴാണ് സ്വർണം കവരാനെത്തിയ കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശികളായ പി.പി.ബവിലേഷ് (40), പി.സായന്ത് (28) എന്നിവർ ചേർന്ന് ആക്രമിച്ചതും സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതും.
ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടുന്നതിനിടയിൽ ഇവരെ നിരീക്ഷിച്ചുകൊണ്ടിരുന്ന പൊലീസ് ഉടൻ ഇടപെടുകയായിരുന്നു. തള്ളിമാറ്റി ഓടാൻ ശ്രമിച്ച സംഘാംഗങ്ങൾ ഹോം ഗാർഡിന്റെ കയ്യിൽ കടിച്ചും പരുക്കേൽപ്പിച്ചു.
ഇതിനിടെ പൊലീസുകാരെ കാറിടിപ്പിക്കാനും സംഘം ശ്രമിക്കുകയുണ്ടായി. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും കരിപ്പൂർ പൊലീസും ചേർന്നാണ് ഈ സ്വർണം പൊട്ടിക്കൽ സംഘത്തെ സാഹസികമായി നേരിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

