തിരുവനന്തപുരം ശ്രീകാര്യത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർത്ഥിയായ അഭിരാം ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ ഉച്ചമുതൽ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിയിലായ പ്രതികളിൽ ഒരാൾ 17 വയസുകാരനാണ്. പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.
പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്തശേഷമാണ് അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ബെൽറ്റ് കൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽകെട്ടി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
മരിച്ച അഭിരാമും പ്രതിയായ 17കാരനും ഒരേ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെയും ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം പെൺകുട്ടിയുടെ ഐഡി വഴി സന്ദേശമയച്ച് അഭിരാമിനെ സ്ഥലത്തേക്ക് വരുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ആളൊഴിഞ്ഞതും കാടുകയറിക്കിടക്കുന്നതുമായ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഭിരാമിനെ കാണാതാകുന്നത്. ഉച്ചയ്ക്ക് ഒരു ഫോൺ കോൾ വന്നതായും, പാങ്ങപ്പാറയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നും കുടുംബാംഗങ്ങൾ പറയുന്നു.
വൈകിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പെൺസുഹൃത്താണ് വിളിച്ചുവരുത്തിയതെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മറ്റൊരു സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.
പെൺസുഹൃത്തിന്റെ പേരിൽ വ്യാജമായി സന്ദേശമയച്ച് അഭിരാമിനെ വരുത്തുകയും, ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഉമർ എന്നയാളെ വിളിച്ച് വിവരം പറഞ്ഞതായി കസ്റ്റഡിയിലുള്ള 17കാരൻ മൊഴി നൽകിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഉമറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ കൊലപാതക വിവരം പിന്നീട് അറിഞ്ഞു മാത്രമാണ് തനിക്ക് അറിയൂ എന്ന ഉമറിന്റെ മൊഴി പൊലീസ് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
സംഭവത്തിൽ കൂടുതൽ പേരുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

