ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഡച്ച് ഫുട്ബോള്‍ മാനേജര്‍ എറിക് ടെന്‍ ഹാഗും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ വീണ്ടും കായിക ലോകത്ത് ചർച്ചയാകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ പരിശീലന കാലയളവിലുണ്ടായ അസ്വാരസ്യങ്ങളാണ് പുതിയ വെളിപ്പെടുത്തലുകളിലേക്ക് നയിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള താരത്തിന്റെ രണ്ടാം വരവ് അധികനാൾ നീണ്ടുനിൽക്കാതിരുന്നതിന് കാരണം ഇരുവർക്കുമിടയിലെ ആശയപരമായ ഭിന്നതകളായിരുന്നു. എറിക് ടെന്‍ ഹാഗിന്റെ ശൈലിയുമായി പൊരുത്തപ്പെടാൻ ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചിരുന്നില്ല.
അച്ചടക്കം കർശനമാക്കിയ ഡച്ച് പരിശീലകൻ, താരത്തെ പലപ്പോഴും പകരക്കാരുടെ നിരയിലിരുത്തിയാണ് തന്റെ തീരുമാനം വ്യക്തമാക്കിയത്. തുടർന്ന് മാധ്യമങ്ങളിലൂടെ ഇരുവരും തമ്മിലുള്ള ഭിന്നത പരസ്യമാകുകയും, ഒടുവിൽ ഉഭയസമ്മതപ്രകാരമുള്ള കരാർ അവസരത്തിന് ശേഷം താരം സൗദി പ്രോ ലീഗിലേക്ക് ചേക്കേറുകയും ചെയ്യുകയായിരുന്നു.
സൗദി ക്ലബ്ബിൽ എത്തിയ ശേഷവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അന്നത്തെ സ്ഥിതിയെക്കുറിച്ച് താരം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മാനേജ്മെന്റ് ടെന്‍ ഹാഗിനെ പുറത്താക്കുകയും ചെയ്തു.
നിലവിൽ ഡച്ച് ക്ലബ്ബായ എഫ്സി ട്വെന്റെയുടെ ടെക്നിക്കൽ ഡയറക്ടറായി പ്രവർത്തിക്കുന്ന ടെൻ ഹാഗ്, തന്റെ മാഞ്ചസ്റ്റർ പദ്ധതികൾ തകർത്തത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന ഗുരുതര ആരോപണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. പരിശീലന വേളകളിൽ വേണ്ടത്ര ഓടാൻ പോലും താരം തയ്യാറായിരുന്നില്ലെന്നും, പ്രീമിയർ ലീഗിന്റെ മത്സര തീവ്രതയ്ക്കനുസരിച്ചുള്ള ഫിറ്റ്നസ് നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും ടെൻ ഹാഗ് കുറ്റപ്പെടുത്തുന്നു.
തന്റെ ഗെയിം പ്ലാനുകളോട് താരം മുഖംതിരിച്ചു നിന്നതായും അദ്ദേഹം അവകാശപ്പെടുന്നു. കൂടാതെ, 2018-ൽ റയൽ മാഡ്രിഡ് ക്ലബ്ബ് അദ്ദേഹത്തെ ഒഴിവാക്കിയത് പ്രകടനം മോശമായത് കൊണ്ടാണെന്നും, കളിക്കാരുടെ ഫോം നഷ്ടപ്പെടുന്ന ഘട്ടം മുൻകൂട്ടി കണ്ട് ഒഴിവാക്കാൻ റയലിന് അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
യുവന്റസിലേക്ക് മാറിയത് മുതൽ താരത്തിന്റെ കരിയർ മന്ദീഭവിച്ചെന്നും കഴിഞ്ഞ എട്ട് വർഷമായി ഉന്നതതലത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നുമാണ് ടെൻ ഹാഗിന്റെ വാദം. എന്നാൽ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വാദങ്ങളെല്ലാം ഖണ്ഡിക്കപ്പെടുന്നതാണ് കാണാൻ സാധിക്കുന്നത്.
യുവന്റസ് കുപ്പായത്തിൽ മൂന്ന് സീസണുകളിലായി 134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകളാണ് പോർച്ചുഗൽ നായകൻ നേടിയത്. 2021-ൽ മാഞ്ചസ്റ്ററിലേക്ക് മടങ്ങിയെത്തിയ ശേഷം 54 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളും താരം സ്വന്തമാക്കി.
നിലവിൽ 41-ാം വയസ്സിലും തന്റെ ഫുട്ബോൾ കരിയർ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒക്ടോബർ 29-ന് അൽ നസർ ക്ലബ്ബിനായി വെറും 15 മിനിറ്റിനുള്ളിൽ ഹാട്രിക്ക് തികച്ച താരം, തന്റെ കരിയറിലെ 67-ാമത് ഹാട്രിക്ക് ആണ് അന്ന് ആഘോഷിച്ചത്.
ഇതുവരെയുള്ള ആകെ കരിയർ ഗോളുകളുടെ എണ്ണം 985 ആയി ഉയർന്നിട്ടുണ്ട്. ചരിത്രപ്രധാനമായ ആയിരം ഗോളുകൾ എന്ന നാഴികക്കല്ല് പിടിക്കാൻ ഇനി വെറും പതിനഞ്ച് ഗോളുകൾ കൂടി മാത്രം മതിയാകും എന്ന ഘട്ടത്തിലാണ് ഈ പുതിയ വിവാദങ്ങൾ പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

