വാഷിങ്ടൻ∙ കടന്നുപോകുന്ന പൈപ്പ്ലൈനുകളിലൂടെ റഷ്യൻ പ്രകൃതിവാതകം യൂറോപ്യൻ വിപണിയിലേക്ക് വീണ്ടും എത്തിക്കാനുള്ള പദ്ധതി അമേരിക്ക പരിശോധിക്കുന്നു. റഷ്യ–യുക്രെയ്ൻ സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിർദേശമെന്ന് ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.
ശൈത്യകാലത്തിനു മുന്നോടിയായി കരാറിലെത്താനാണ് ശ്രമം. അമേരിക്കൻ കമ്പനികൾ വഴി റഷ്യൻ വാതകത്തിന്റെ വിൽപന നടത്തിയാൽ യൂറോപ്യൻ ഉപരോധങ്ങളെ മറികടക്കാനാകും.
അമേരിക്കൻ നിക്ഷേപവും സാധ്യമാകും. സെപ്റ്റംബറിൽ യുഎസ് പ്രതിനിധികൾ റഷ്യയും യുക്രെയ്നും സന്ദർശിച്ചപ്പോൾ ഈ നിർദേശം മുന്നോട്ടുവച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഇന്ധനത്തിനായി റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന യൂറോപ്യൻ രാജ്യങ്ങളുടെ നയമാണ് പദ്ധതി നടപ്പിലാക്കാനുള്ള പ്രധാന തടസ്സം. 2027 അവസാനത്തോടെ റഷ്യൻ ഇന്ധനം വാങ്ങുന്നത് പൂർണമായി നിർത്താനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.
റഷ്യ യൂറോപ്പിന്റെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും ഊർജ ആവശ്യങ്ങൾക്കായി അവരെ ആശ്രയിക്കേണ്ടെന്നും നേതൃത്വം പറയുന്നു. പ്രകൃതി വാതകത്തിനായി യൂറോപ്യൻ വിപണി തുറന്നു നൽകുന്നത് വെടിനിർത്തലിനു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ പ്രേരിപ്പിച്ചേക്കാമെന്ന് യുഎസ് അധികൃതർ കരുതുന്നു.
സൈബീരിയയിലെ യുറെൻഗോയ് വാതക മേഖലകളെ യുക്രെയ്ൻ വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന സോവിയറ്റ് കാലഘട്ടത്തിലെ പൈപ്പ്ലൈൻ ശൃംഖല ഉപയോഗിക്കാനാണ് നിർദേശം. പൈപ്പ് ലൈനുകൾ ഉപയോഗിക്കാൻ നൽകുന്നതിലൂടെ യുക്രെയ്ന് പണം ലഭിക്കും.
വാതക വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം റഷ്യ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാനുള്ള നിർദേശങ്ങൾ കരാറിന്റെ ഭാഗമാക്കാനും ആലോചനയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

