ആഗോളതലത്തിൽ അസംസ്കൃത എണ്ണവില ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ, പ്രമുഖ യു.എസ് എണ്ണക്കമ്പനികൾക്ക് മൂന്നാം പാദത്തിൽ വൻതോതിൽ വരുമാനവും ലാഭവും. ഷെവ്റോൺ, എക്സോൺ മൊബിൽ, ഷെൽ, ബിപി, ടോട്ടൽ എനർജീസ് തുടങ്ങിയ വമ്പൻ കമ്പനികളാണ് ഉയർന്ന ലാഭക്കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
പശ്ചിമേഷ്യയിലും റഷ്യയിലുമുള്ള എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെ നടന്ന വിവിധ ആക്രമണങ്ങൾ ലോകത്താകമാനം ഊർജ പ്രതിസന്ധിക്ക് കാരണമായിരിക്കുന്ന വേളയിലാണ് ഈ വൻ സാമ്പത്തിക നേട്ടം. വിപണിയിലെ ലഭ്യതക്കുറവ് മുതലെടുത്ത് ഈ കമ്പനികൾ അമിതലാഭം കൊയ്യുകയാണെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു.
കഴിഞ്ഞ രണ്ടാം പാദത്തിലും ഈ കമ്പനികൾ മികച്ച സാമ്പത്തിക ഫലങ്ങൾ തന്നെയായിരുന്നു കൈവരിച്ചത്. കണക്കുകൾ പരിശോധിക്കുമ്പോൾ, എക്സോൺ മൊബിലിന്റെ മാത്രം ലാഭം 1542 കോടി ഡോളറായി ഉയർന്നിട്ടുണ്ട്.
മുൻ വർഷം ഇത് 750 കോടി ഡോളർ മാത്രമായിരുന്നുവെന്നത് ഇതിന്റെ ഇരട്ടി വർധനവാണ് വ്യക്തമാക്കുന്നത്. ക്രൂഡോയിൽ സംസ്കരിച്ച് പെട്രോളും ഡീസലുമായി മാറ്റുമ്പോൾ ലഭിക്കുന്ന ലാഭമായ റിഫൈനിങ് മാർജിൻ ഉയർന്നതാണ് ഈ കുതിപ്പിന് പ്രധാന കാരണം.
കമ്പനിയുടെ ആകെ വരുമാനം 1750 കോടി ഡോളറിലെത്തി. എന്നാൽ വരുമാനം 1660 കോടി ഡോളർ മാത്രമായിരിക്കുമെന്നായിരുന്നു വിപണി അനലിസ്റ്റുകളുടെ പ്രവചനം.
മറ്റൊരു പ്രമുഖ ഊർജ കമ്പനിയായ ഷെവ്റോണിന്റെ പ്രവർത്തനഫലത്തിലും വലിയ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ 6 വർഷത്തിനിടയിൽ ഇതാദ്യമായി, എണ്ണ കുഴിച്ചെടുക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തേക്കാൾ ഉയർന്ന റിഫൈനിങ് മാർജിനാണ് ഷെവ്റോണിന് ലഭിച്ചത്.
കമ്പനിയുടെ ആകെ വരുമാനം 200% വർധിച്ച് 990 കോടി ഡോളറായി ഉയർന്നു. മുൻവർഷത്തെ മൂന്നാം പാദത്തിൽ ഇത് 350 കോടി ഡോളർ ആയിരുന്നു.
കമ്പനിയുടെ റിഫൈനിങ് വിഭാഗത്തിന്റെ ലാഭത്തിൽ മൂന്നിരട്ടി വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുൻവർഷത്തെ സമാന പാദത്തിൽ 110 കോടി ഡോളറായിരുന്ന ലാഭം 490 കോടി ഡോളറായാണ് ഉയർന്നത്.
എണ്ണയുൽപാദനത്തിൽ നിന്നുള്ള വരുമാനം 330 കോടി ഡോളറിൽ നിന്ന് 70 ശതമാനം വർധിച്ച് 570 കോടി ഡോളറായെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. എങ്ങനെ ഈ വൻ ലാഭം? വിപണിയിൽ ആവശ്യത്തിന് ക്രൂഡോയിൽ ലഭ്യമാണെങ്കിലും, അവ ശുദ്ധീകരിച്ച് പെട്രോൾ, ഡീസൽ തുടങ്ങിയ ഉപഭോക്തൃ ഉൽപന്നങ്ങളാക്കി മാറ്റാൻ ആവശ്യമായ റിഫൈനറികളുടെ കുറവ് ആഗോളതലത്തിൽ നിലവിലുണ്ട്.
റഷ്യൻ റിഫൈനറികൾക്ക് മേൽ യുക്രെയ്ൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ, ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വിതരണ തടസ്സങ്ങൾ, സൗദി അറേബ്യയിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ എന്നിവ വിപണിക്ക് വലിയ തിരിച്ചടിയായി.
ഇതോടൊപ്പം യൂറോപ്പിലെ റിഫൈനറികൾ കൂട്ടത്തോടെ അടച്ചുപൂട്ടിയതും നിർണായകമായി. കഴിഞ്ഞ പത്തുവർഷത്തിനിടെ യൂറോപ്പിലെ കാൽഭാഗം റിഫൈനറികളും അടച്ചുപൂട്ടിയെന്നാണ് യൂറോപ്യൻ യൂണിയന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതോടെ രാജ്യാന്തര റിഫൈനിങ് ശേഷിയിൽ 100 കോടി ബാരലിന്റെ കുറവാണ് ഉണ്ടായത്. ഈ സാഹചര്യം മുതലെടുത്ത് തങ്ങളുടെ കൈവശമുള്ള റിഫൈനറികൾ പരമാവധി ശേഷിയിൽ പ്രവർത്തിപ്പിക്കാൻ കമ്പനികൾക്ക് സാധിച്ചത് വലിയ നേട്ടമായി.
ഒപ്പം എണ്ണ കുഴിച്ചെടുക്കുന്ന കമ്പനികൾക്ക് ഉയർന്ന ക്രൂഡോയിൽ വിലയും കൂടുതൽ ലാഭം സമ്മാനിച്ചു. 2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച സമയത്തുണ്ടായിരുന്ന ഉയർന്ന ലാഭത്തിലേക്ക് കമ്പനികൾ തിരികെയെത്തിയിരിക്കുകയാണ്.
എണ്ണക്കമ്പനികൾ വലിയ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും അമേരിക്കയിൽ ഡീസൽ വില ഇപ്പോഴും ഉയർന്ന തലത്തിൽ തന്നെ തുടരുകയാണ്. വെള്ളിയാഴ്ച പുറത്തുവന്ന കണക്കുപ്രകാരം ഗ്യാലന് 6.32 ഡോളറാണ് ഡീസൽ വില.
കഴിഞ്ഞ വർഷത്തേക്കാൾ 70 ശതമാനമാണ് വില വർധിച്ചിരിക്കുന്നത്. ഇടക്കാല തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഈ വിഷയം യുഎസിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
കരുതൽ ശേഖരത്തിൽ നിന്ന് എണ്ണ വിപണിയിലെത്തിച്ചും റഷ്യയുമായി പുതിയ കരാറുകൾ ഒപ്പിട്ടും വില പിടിച്ചുനിർത്താൻ ട്രംപ് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. ഗൾഫ് രാജ്യങ്ങൾ പൂർണ്ണതോതിൽ എണ്ണശുദ്ധീകരണവും റഷ്യ കയറ്റുമതിയും പുനരാരംഭിച്ചാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാകൂ എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇന്ത്യൻ വിപണിയുടെ സ്ഥിതിയെന്ത്? കഴിഞ്ഞ സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഇന്ത്യൻ പൊതുമേഖല എണ്ണക്കമ്പനികളും മികച്ച ലാഭമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത് ഇന്ത്യൻ ഓയിൽ കോർപറേഷനാണ് (ഐഒസിഎൽ).
കമ്പനിയുടെ ഈ പാദത്തിലെ ലാഭം 22,503 കോടി രൂപയാണ്. മുൻ വർഷത്തെ സമാനപാദത്തിൽ രേഖപ്പെടുത്തിയ 8190 കോടി രൂപയുമായി താരത്തനം ചെയ്യുമ്പോൾ ഇത് 175% വർധനവാണ്.
മാത്രമല്ല, ഒന്നാം പാദത്തിൽ 1241.09 കോടി രൂപയുടെ നഷ്ടത്തിലായിരുന്ന കമ്പനിയാണ് ഇപ്പോൾ ഈ വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്. മറ്റൊരു പൊതുമേഖലാ ഭീമനായ ഭാരത് പെട്രോളിയവും (ബിപിസിഎൽ) രണ്ടാം പാദത്തിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
4863.05 കോടി രൂപയാണ് കമ്പനി ഈ പാദത്തിൽ നേടിയ ലാഭം. മുൻവർഷത്തെ രണ്ടാം പാദത്തിലിത് 6191 കോടി രൂപയായിരുന്നു (21.42 ശതമാനത്തിന്റെ കുറവ്).
എങ്കിലും, ഒന്നാം പാദത്തിൽ രേഖപ്പെടുത്തിയിരുന്ന 3962 കോടി രൂപയുടെ വലിയ നഷ്ടത്തിൽ നിന്ന് കരകയറാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) രണ്ടാം പാദത്തിൽ 3652 കോടി രൂപയുടെ അറ്റാദായമാണ് കണക്കാക്കിയിട്ടുള്ളത്.
കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിലിത് 3859 കോടി രൂപയായിരുന്നു. ഒന്നാം പാദത്തിൽ 12,264 കോടി രൂപയുടെ കനത്ത നഷ്ടം നേരിട്ട
ശേഷമാണ് എച്ച്പിസിഎല്ലിന്റെ ഈ തിരിച്ചുരവ്. അതേസമയം, മൂന്നാം പാദത്തിലെ ഈ ലാഭം താൽക്കാലികം മാത്രമാണെന്നാണ് കമ്പനികളുടെ വിലയിരുത്തൽ.
കഴിഞ്ഞ ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ ക്രൂഡോയിൽ വിലയിലുണ്ടായ താഴ്ന്ന നിരക്കാണ് ഇപ്പോഴത്തെ കണക്കുകളിൽ പ്രതിഫലിച്ചിരിക്കുന്നത്. വരുന്ന പാദങ്ങളിൽ ഇത് എണ്ണക്കമ്പനികളുടെ ലാഭശതമാനത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഐഒസിഎൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

