തിരുവനന്തപുരം നരുവാമൂട്ടിൽ ആളില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്ന് 45,000 രൂപയും 11 പവൻ സ്വർണാഭരണങ്ങളും കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിലായി. നരുവാമൂട് ഒലിപ്പുനട
ദീപ ഭവനിൽ ദീപു (23), ഇയാളുടെ സുഹൃത്ത് വലിയറത്തല വെള്ളൈറ്റിൽ വീട്ടിൽ മഹേഷ് (30) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11:30 മണിക്കായിരുന്നു സംഭവം.
നടുക്കാട് മാടൻപാറ ഇലവിൻ വിളാകം സരസ്വതി വിലാസം കുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുടമയും ഭാര്യയും ജോലിക്ക് പോയ തക്കം നോക്കിയാണ് പ്രതികൾ കൃത്യം നടത്തിയത്.
വീട്ടിൽ പണവും ആഭരണങ്ങളും ഉണ്ടെന്ന് കൃത്യമായി അറിയാമായിരുന്ന പ്രതികൾ, വീട്ടുകാരുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് മോഷണ പദ്ധതി ആസൂത്രണം ചെയ്തത്. ജോലിസ്ഥലത്തുനിന്നും ഇവർ ഇടയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ വിലപിടിപ്പുള്ള വസ്തുക്കളും പണവും നഷ്ടപ്പെട്ടെന്ന് വ്യക്തമായതോടെ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമീപവാസിയായ ദീപുവിനെക്കുറിച്ച് ഉണ്ടായ സംശയമാണ് കേസിൽ നിർണായകമായത്.
മോഷണത്തിന് ശേഷം വർക്കല കാപ്പിൽ ഭാഗത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് ദീപുവിനെ പുലർച്ചെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ സുഹൃത്തിനെയും പൊലീസ് പിടികൂടി.
വർക്കലയിലേക്ക് കടക്കുന്നതിന് മുൻപ് ദീപു ഊരൂട്ടമ്പലത്തെ ഒരു പണമിടപാട് സ്ഥാപനത്തിൽ മോതിരം പണയം വെച്ച് 38,000 രൂപ വാങ്ങിയിരുന്നു. പ്രതികളിൽ നിന്നും നഷ്ടപ്പെട്ട
പണവും സ്വർണാഭരണങ്ങളും നരുവാമൂട് പൊലീസ് കണ്ടെടുത്തു. ഇവർക്കെതിരെയുള്ള നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

