പെരുമ്പാവൂർ എംസി റോഡിൽ ഒക്കൽ താന്നിപ്പുഴ പ്രദേശം തുടർച്ചയായ അപകടങ്ങളാൽ ആശങ്കയിൽ. കാലടി പാലത്തിലേക്കുള്ള പ്രവേശന കവാടത്തിനു തൊട്ടുമുൻപുള്ള ഭാഗത്താണ് വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടങ്ങൾ സൃഷ്ടിക്കുന്നത്.
അലക്ഷ്യമായി പാഞ്ഞെത്തിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് തട്ടി ഒക്കൽ താന്നിപ്പുഴ കൂനത്താൻ തോമസ് (ഉമ്മച്ചൻ– 75) ജീവൻ വെടിഞ്ഞതാണ് ഈ ഭാഗത്തെ ഏറ്റവും ഒടുവിലത്തെ ദുരന്തം. ഇതിന് ഒരാഴ്ച മുൻപ്, സ്കൂട്ടറിൽ റോഡ് കുറുകെ കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശി ശെൽവന്റെ മേൽ ലോറിയിടിച്ച് കയറി അദ്ദേഹത്തിന്റെ കൈ അറ്റുപോയിരുന്നു.
താന്നിപ്പുഴ പള്ളി മുതൽ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം വരെയാണ് അപകടങ്ങൾ ഏറെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കാലടി പാലം നവീകരിച്ചത് ഗതാഗതക്കുരുക്കിന് ആശ്വാസമായെങ്കിലും, വാഹനങ്ങളുടെ അമിതവേഗത പുതിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
കാലടി പാലം മുതൽ ചേലാമറ്റം വരെ റോഡിൽ തിരക്ക് കുറഞ്ഞത് വാഹനങ്ങളുടെ വേഗത വർധിപ്പിച്ചിട്ടുണ്ട്. പാലത്തിലേക്ക് പ്രവേശിക്കാൻ നിരനിൽക്കുന്ന വാഹനങ്ങൾ എതിർ ട്രാക്കിലൂടെ കയറിപ്പോകാൻ ശ്രമിക്കുന്നത് പതിവ് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
ഇരുവശത്തേയും കാഴ്ചകൾ ശ്രദ്ധിക്കാതെ ചീറിപ്പാഞ്ഞുപോകുന്ന വലിയ വാഹനങ്ങളാണ് മിക്കപ്പോഴും ദുരന്തങ്ങൾ വിതയ്ക്കുന്നത്. ലെയിൻ ട്രാഫിക് നിയമങ്ങൾ പൂർണ്ണമായും ലംഘിക്കപ്പെടുന്ന ഇവിടെ, പൊലീസിന്റെ ശക്തമായ സാന്നിധ്യവും ട്രാഫിക് കോണുകൾ സ്ഥാപിക്കലും അടിയന്തരമായി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെയും വാഹന ഡ്രൈവർമാരുടെയും ആവശ്യം.
കെഎസ്ആർടിസിക്ക് പൊലീസിന്റെ ഔദ്യോഗിക നോട്ടിസ് പെരുമ്പാവൂർ ഡിപ്പോ വഴി സർവീസ് നടത്തുന്ന ബസുകളുടെ അമിതവേഗതയ്ക്കും നിയമലംഘനങ്ങൾക്കും എതിരെ പൊലീസ് കർശന നടപടിയിലേക്ക്. താന്നിപ്പുഴയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് വയോധികൻ മരിച്ച സംഭവത്തെ തുടർന്നാണ് പെരുമ്പാവൂർ എസ്ഐ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടിസ് നൽകിയത്.
ബസുകളുടെ അമിതവേഗം, അലക്ഷ്യമായ ഡ്രൈവിങ്, ലെയിൻ ട്രാഫിക് ലംഘനം എന്നിവ മൂലം പ്രദേശത്ത് വാഹനാപകടങ്ങൾ പതിവാണെന്ന് നോട്ടിസിൽ വ്യക്തമാക്കുന്നു. വാഹനങ്ങളുടെ വേഗതയും ഡ്രൈവിങ്ങിലെ അശ്രദ്ധയും അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കേരള പൊലീസ് ആക്ടിലെ യു/സെക്ഷൻ 38 പ്രകാരം നൽകിയ നോട്ടിസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

