കോഴിക്കോട്∙ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കപ്പുറം കഠിനാധ്വാനത്തിലൂടെ കായികലോകത്ത് ചരിത്രമെഴുതുകയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ അനുഗ്രഹ കൃഷ്ണൻ. കോട്ടയം തിടനാട് കടുക്കാഞ്ചേരിയിലെ വഴിപോലുമില്ലാത്ത ഷീറ്റിട്ട
കൊച്ചു വീട്ടിൽ നിന്നാണ് ഈ മിടുക്കിയുടെ സമാനതകളില്ലാത്ത മുന്നേറ്റം. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്നലെ (29) മാത്രം രണ്ട് മെഡലുകളാണ് ഈ കൊച്ചു മിടുമിശി നേടിയത്.
സബ് ജൂനിയർ പെൺകുട്ടികളുടെ ലോങ്ജംപിൽ സ്വർണവും 80 മീറ്റർ ഹർഡിൽസിൽ വെള്ളിയും സ്വന്തമാക്കിയാണ് അനുഗ്രഹ താരമായത്. ഭരണങ്ങാനം എസ്ജി എച്ച്എസിലെ വിദ്യാർഥിനിയാണ് ഈ കൊച്ചു കായിക പ്രതിഭ.
രണ്ടു വർഷം മുൻപ് ഭരണങ്ങാനം എസ്എച്ച്ജി എച്ച്എസിലെ സ്കൂൾ സ്പോർട്സ് അക്കാദമി ഹോസ്റ്റലിൽ ആരംഭിച്ച കഠിന പരിശീലനമാണ് അനുഗ്രഹയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായത്. കടുത്ത സാമ്പത്തിക ഞെരുക്കമുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് ഈ നേട്ടമെന്നത് വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.
ടാപ്പിങ് തൊഴിലാളിയായ അച്ഛൻ കൃഷ്ണന്റെയും വീട്ടുജോലിക്കാരിയായ അമ്മ ശോഭയുടെയും ചെറിയ വരുമാനത്തിലാണ് കുടുംബത്തിന്റെ ജീവിത്തത്തള്ളിനീക്കുന്നത്. രണ്ടു വർഷം മുൻപ് സ്കൂളിൽ നടന്ന കായിക മത്സരത്തിൽ രണ്ടു ട്രോഫികൾ കരസ്ഥമാക്കിയതോടെയാണ് അധ്യാപകർ അനുഗ്രഹയെ സ്പോർട്സ് ഹോസ്റ്റലിൽ ചേർക്കാൻ മാതാപിതാക്കൾക്ക് നിർദേശം നൽകിയത്.
കുടുംബത്തിന്റെ പരിമിതമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും മകൾക്ക് മികച്ച വിദ്യാഭ്യാസവും പരിശീലനവും ഉറപ്പാക്കാൻ രക്ഷിതാക്കൾ സന്തോഷത്തോടെ സമ്മതം മൂളി. തുടർന്ന് മൂന്ന് ഘട്ടങ്ങളിലായി നടത്തിയ സിലക്ഷൻ ട്രയൽസിനൊടുവിലാണ് അനുഗ്രഹ സ്പോർട്സ് ഹോസ്റ്റൽ പ്രവേശനത്തിന് അർഹത നേടിയത്.
കായികമേളയിലെ ലോങ്ജംപ് മത്സരത്തിൽ തന്റെ ആദ്യ ചാട്ടത്തിൽ തന്നെ 5.01 മീറ്റർ ദൂരം താണ്ടിയാണ് അനുഗ്രഹ സ്വർണമെഡൽ ഉറപ്പിച്ചത്. ലോങ്ജംപ് മത്സരം പൂർത്തിയാക്കി വെറും 30 മിനിറ്റിനുള്ളിൽ 80 മീറ്റർ ഹർഡിൽസ് ഹീറ്റ്സിൽ മത്സരിക്കാൻ ഇറങ്ങിയ ഈ കൊച്ചു മിടുക്കി ഫൈനലിലേക്കും മുന്നേറി.
ഒടുവിൽ 13.34 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് താരം അഭിമാനാർഹമായ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

