കൊല്ലം ജില്ലയിലെ ഓടനാവട്ടത്ത് ദാരുണ സംഭവം. പത്താംക്ലാസുകാരിയായ വിദ്യാർത്ഥിനിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കട്ടയിൽ രാജി ഭവനിൽ രാജേഷ് – അഞ്ജു ദമ്പതികളുടെ മകളായ മാളവികയാണ് (15) മരണപ്പെട്ടത്. തൃക്കണ്ണമംഗൽ എസ്കെവി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു മാളവിക.
ഇന്നലെ വൈകീട്ട് സ്കൂളിൽ നിന്നും ഏകദേശം അഞ്ചരയോടെയാണ് കുട്ടി വീട്ടിലെത്തിയത്. തുടർന്ന് കുളിക്കാനായി രണ്ടാം നിലയിലെ കിടപ്പുമുറിയിലേക്ക് പോയതായിരുന്നു മാളവിക.
ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് സഹോദരൻ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ വാതിൽ വെട്ടിപ്പൊളിച്ച് കെട്ടഴിച്ച് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാളവികയ്ക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലായിരുന്നുവെന്നും അമ്മയുടെ ഫോണാണ് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇൻസ്റ്റാഗ്രാം വഴി ഒരു യുവാവുമായി കുട്ടിക്ക് പരിചയമുണ്ടായിരുന്നതായി പൊലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൂയപ്പള്ളി പൊലീസ് അറിയിച്ചു.
*(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471-2552056)*

