പഠനത്തിലെ മികവുകൊണ്ടുമാത്രം ജീവിത പ്രതിസന്ധികളെ നേരിട്ട എ.കെ.പ്രജിൽ എന്ന യുവാവ് ഇന്ന് കടുത്ത നിസ്സഹായതയിലാണ്.
കാഴ്ചശക്തിയില്ലായ്മയെ മറികടന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ഇദ്ദേഹം, തന്നെപ്പോലെ ബുദ്ധിമുട്ട അനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങാകാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു.
എന്നാൽ മുപ്പത്തിയൊമ്പതാം വയസ്സിലും തൊഴിൽ തേടി ഓഫീസുകൾ കയറിയിറങ്ങേണ്ട ഗതികേടിലാണ് ഈ യുവാവ്.
കൂടാളി പഞ്ചായത്തിലെ പൂവത്തൂർ ആന്തൂർക്കണ്ടി വീട്ടിലാണ് ഈ ദുരിതജീവിതം കഴിയുന്നത്. ഹൃദ്രോഗിയായ മൂത്ത സഹോദരൻ പ്രദീപൻ (62), കാഴ്ചപരിമിതിയുള്ള സഹോദരി പ്രമീള (59), ഇളയ സഹോദരനായ പ്രജിൽ (39) എന്നിവരാണ് ഈ കുടുംബത്തിലുള്ളത്.
മുപ്പതു വർഷങ്ങൾക്ക് മുൻപ് അച്ഛൻ കുമാരനും മൂന്നു വർഷം മുൻപ് അമ്മ രോഹിണിയും മരണപ്പെട്ടു. മറ്റൊരു സഹോദരനായ പ്രവീൺ ധർമശാല അന്ധവിദ്യാലയത്തിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്നുണ്ട്.
ജന്മനാ കാഴ്ചപരിമിതനാണ് പ്രജിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രമീളയ്ക്കും പ്രവീണിനും കാഴ്ച നഷ്ടപ്പെട്ടത്.
കാസർകോട് ബ്ലൈൻഡ് സ്കൂളിൽനിന്ന് ഉയർന്ന മാർക്കോടെ പത്താം ക്ലാസ് പാസായ പ്രജിൽ, കോഴിക്കോട് കൊളത്തറ ബ്ലൈൻഡ് സ്കൂളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചത്. തുടർന്ന് കൊച്ചിയിലെ സ്പീച്ച് ഫൗണ്ടേഷൻ സെന്ററിൽനിന്ന് സൈക്കോളജിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.
പഠനകാലത്ത് തന്നെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇതുവരെ ജോലി ലഭിച്ചിട്ടില്ല. നൂറുശതമാനം കാഴ്ചപരിമിതിയുള്ളതുകൊണ്ട് ജോലി നൽകാൻ സാധിക്കില്ലെന്ന മറുപടിയാണ് വിവിധ സ്ഥാപനങ്ങളിൽ നിന്നും മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ലഭിച്ചത്.
അധ്യാപകർക്ക് മാത്രമേ ഈ അവസ്ഥയിൽ എംപ്ലോയ്മെന്റ് വഴി ജോലി ലഭിക്കൂ എന്നാണ് ചട്ടം. ജില്ലാ കലക്ടർക്കും എംപ്ലോയ്മെന്റ് ഓഫിസർക്കും പലതവണ നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
ഹൃദ്രോഗിയായ പ്രദീപൻ ചെറിയ ജോലികൾ ചെയ്ത് കണ്ടെത്തുന്ന തുച്ഛമായ വരുമാനവും ഭിന്നശേഷി പെൻഷനുമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. വർഷങ്ങൾ പഴക്കമുള്ള വീട് ഏതു നിമിഷവും തകർന്നുവീഴാറായ അവസ്ഥയിലാണ്.
ഭിന്നശേഷിക്കാർക്കായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുമ്പോൾ, നൂറുശതമാനം കാഴ്ചപരിമിതിയുള്ള തങ്ങളെപ്പോലെയുള്ളവരോടും അധികാരികൾ കനിയണമെന്നാണ് പ്രജിലിന്റെ അപേക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

