യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബലാത്സംഗത്തിന് ഇരയാക്കിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ മിസ് സ്വിറ്റ്സർലൻഡ് ബേയുട്രിസ് കോയിൽ രംഗത്ത്. ന്യൂയോർക്കിലെ പ്ലാസ ഹോട്ടലിൽ വച്ച് 1993-ലാണ് കോയിൽ പീഡനത്തിന് ഇരയായതെന്ന് ഹൗസ് ജുഡീഷ്യറി കമ്മറ്റിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഡെമോക്രാറ്റുകൾ വ്യക്തമാക്കി.
യുഎസിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ ട്രംപിന് പങ്കുണ്ടെന്ന ആരോപണം അന്വേഷിച്ചുവരികയാണ് ഈ സമിതി. 16 വയസ്സ് മുതലുള്ള പെൺകുട്ടികൾ പങ്കെടുത്ത ‘ഡോണൾഡ് ജെ ട്രംപ് അമേരിക്കൻ ഡ്രീം’ സൗന്ദര്യമത്സരത്തെക്കുറിച്ചുള്ള കോയിലിന്റെ വെളിപ്പെടുത്തലുകൾ ഉൾപ്പെട്ട
രേഖകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സ്ത്രീകളെ വേട്ടയാടാനുള്ള ഒരു ഉപാധിയായി ട്രംപും എപ്സ്റ്റീനും ഈ മത്സരത്തെ ഉപയോഗിച്ചുവെന്നാണ് അവരുടെ ആരോപണം.
1993 നവംബറിലെ മത്സരത്തിൽ പങ്കെടുക്കാൻ ജിൽ ഹാർട്ട് ക്ഷണിക്കുമ്പോൾ കോയിൽ ഒരു മോഡലായും സാമ്പത്തിക സേവന രംഗത്തെ പ്രഫഷനലായും ജോലി ചെയ്തുവരികയായിരുന്നു. പ്ലാസ ഹോട്ടലിൽ നടന്ന ഒരു പത്രസമ്മേളന ഉച്ചഭക്ഷണവിരുന്നിനിടെ ഡോണൾഡ് ട്രംപ് മുഖേന 24 വയസ്സുള്ള കോയിലിനെ എപ്സ്റ്റീൻ സമീപിച്ചതെങ്ങനെയെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ട്രംപ് നേരിട്ട് സമീപിച്ച് വിസയും ന്യൂയോർക്ക് യൂനിവേഴ്സിറ്റിയിൽ പ്രവേശനവും വാഗ്ദാനം ചെയ്തതായും അവർ പറയുന്നു. തന്റെ കാര്യങ്ങൾ നോക്കിക്കോളാമെന്നും യാത്രയ്ക്കാവശ്യമായ സഹായങ്ങൾ ചെയ്തു തരാമെന്നും എപ്സ്റ്റീനും വാഗ്ദാനം ചെയ്തതായി കോയിൽ വ്യക്തമാക്കി.
തുടർന്ന് ട്രംപിന്റെ അനുയായികളാണ് തന്നെ ഹോട്ടലിലെ സ്യൂട്ട് റൂമിലേക്ക് എത്തിച്ചത്. അവിടെ വച്ച് താൻ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് അവർ വെളിപ്പെടുത്തുന്നു.
വസ്ത്രങ്ങൾ വലിച്ചു കീറി ശരീരത്തിൽ മുറിവേൽപ്പിക്കുകയും ശരീരത്തിന്റെ പല ഭാഗത്തുനിന്നും രക്തമൊഴുകുകയുമുണ്ടായി. ബലാത്സംഗത്തിനു ശേഷം ട്രംപ് ഈ വിവരം പുറത്തുപറയരുതെന്ന് ആവശ്യപ്പെടുകയും സർവകലാശാലയിൽ വീണ്ടും പ്രവേശനം വാഗ്ദാനം ചെയ്യുകയും ചെയ്തതായി കോയിൽ കൂട്ടിച്ചേർക്കുന്നു.
കോയിൽ സ്വിറ്റ്സർലൻഡിലേക്ക് തിരികെയെത്തിയ ശേഷവും ട്രംപ് ഫോണിൽ ബന്ധപ്പെട്ട് വീസ വാഗ്ദാനം ചെയ്തെങ്കിലും താൻ അത് നിരസിച്ചെന്നും അവർ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഈ ആരോപണങ്ങളെല്ലാം വൈറ്റ് ഹൗസ് ഔദ്യോഗികമായി നിഷേധിച്ചു.
ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ട്രംപിന്റെ രാഷ്ട്രീയ നേട്ടങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ഡെമോക്രാറ്റുകളുടെ തന്ത്രപരമായ നീക്കമാണിതിന് പിന്നിലെന്നുമാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

