കൊച്ചി നഗരത്തിലെ പ്രധാന പാതയായ സഹോദരൻ അയ്യപ്പൻ (എസ്എ) റോഡിൽ കൊച്ചി മെട്രോ തൂണുകളോടു ചേർന്നുള്ള ഭാഗത്തെ നിരപ്പുവ്യത്യാസം പരിഹരിക്കുന്നതിനുള്ള ശാസ്ത്രീയ നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയ സാങ്കേതിക സ്ഥാപനമായ കോഴിക്കോട് എൻഐടിയുടെ വിദഗ്ധ സംഘത്തിന്റെ നിർദേശപ്രകാരം പ്രദേശത്തുനിന്നും വീണ്ടും മണ്ണ് സാംപിളുകൾ ശേഖരിച്ചു.
നേരത്തെ ഏഴിടത്തു നിന്നാണ് റോഡ് തുരന്നു മണ്ണിന്റെ സാംപിളുകൾ ശേഖരിച്ചിരുന്നത്. എന്നാൽ, ഇതിന്റെ പരിശോധനാ ഫലത്തിൽ വ്യത്യാസങ്ങൾ പ്രകടമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം അഞ്ചു സ്ഥലത്തു കൂടി അധികമായി സാംപിളുകൾ ശേഖരിക്കുകയായിരുന്നു.
ഈ പരിശോധനാ ഫലം കൂടി ലഭ്യമാകുന്ന മുറയ്ക്ക് വിദഗ്ധ സംഘം കൊച്ചി കോർപറേഷന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ഇതിനായി 15 ദിവസം കൂടി അധികം വേണ്ടി വരുമെന്നാണ് വിവരം.
ഒരു തവണ റോഡ് നിരപ്പാക്കി റീ ടാറിങ് നടത്തിയിട്ടും വീണ്ടും ഉയരവ്യത്യാസം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നു പഠിക്കാനും ശാശ്വതമായ പരിഹാരമാർഗം കണ്ടെത്താനുമാണ് കോഴിക്കോട് എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘം ഈ മാസം ആദ്യത്തിൽ ആദ്യഘട്ട പരിശോധന നടത്തിയത്.
എൻഐടി സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ നിന്നുള്ള ഡോ.എം.വി.എൽ.ആർ. ആഞ്ജനേയുലുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണു പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
ഇവർ മനോരമ ജംക്ഷൻ മുതൽ കടവന്ത്ര മെട്രോ സ്റ്റേഷൻ വരെയുള്ള ഭാഗത്തു നിന്നുമാണ് സാംപിളുകൾ ശേഖരിച്ചത്. മണ്ണിന്റെ പ്രത്യേകതയാണോ റോഡ് വീണ്ടും താഴ്ന്നു പോകാൻ കാരണമെന്നു കണ്ടെത്താൻ സമഗ്രമായ പരിശോധനയാണ് നടത്തുന്നതെന്ന് കൗൺസിലർ ആന്റണി പൈനുംതറ വ്യക്തമാക്കി.
വേലിയേറ്റവും വേലിയിറക്കവും ശക്തമായ നഗരപ്രദേശത്ത് ഭൂമിക്കടിയിലെ മണ്ണിൽ കാര്യമായ ഇളക്കം സംഭവിക്കുന്നതാണ് പ്രശ്നത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. കൂടാതെ, മെട്രോ തൂണുകൾക്കായി പൈലിങ് നടത്തിയപ്പോൾ നിറച്ച മണ്ണും റോഡ് താഴാൻ കാരണമാണോ എന്ന കാര്യവും പരിശോധനാ പരിധിയിലുണ്ട്.
എൻഐടി വിദഗ്ധ സംഘം സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മനോരമ ജംക്ഷൻ മുതൽ വൈറ്റില മെട്രോ സ്റ്റേഷൻ വരെയുള്ള 3.10 കിലോമീറ്റർ ഭാഗത്തെ പുനരുദ്ധാരണ ജോലികൾ കോർപറേഷൻ ആരംഭിക്കുക. ഒരു തവണ റീടാർ ചെയ്തിട്ടും റോഡ് വീണ്ടും താഴ്ന്ന സാഹചര്യത്തിൽ ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമിടുന്നത്.
മെട്രോ റെയിൽ തൂണുകൾക്കരികിലെ നിരപ്പുവ്യത്യാസം പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ 4 മാസത്തിനകം പൂർത്തിയാക്കണമെന്ന് സെപ്റ്റംബറിൽ ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

