സംസ്ഥാനത്ത് മഴയെത്തുകയും വൈദ്യുതി ഉൽപാദനം കുറയുകയും ചെയ്ത പശ്ചാത്തലത്തിൽ കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാനുഗതമായി ഉയർന്നുതുടങ്ങി. നിലവിൽ സംസ്ഥാനത്തെ ഡാമുകളിൽ ആകെയുള്ളത് 64 ശതമാനം വെള്ളമാണ്.
എന്നാൽ, കഴിഞ്ഞ വർഷം ഇതേ ദിവസത്തെ ജലനിരപ്പ് 83 ശതമാനമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം അണക്കെട്ടുകളിലെ ജലനിരപ്പിൽ 3 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രധാന അണക്കെട്ടുകളിലൊന്നായ ഇടുക്കി ഡാമിലെ ജലനിരപ്പ് ഈ മാസം 15-ാം തീയതി 2364.74 അടിയായി ഉണ്ടായിരുന്നത് ഇന്നലെ 2367.46 അടിയായി ഉയർന്നു. ഇതിനൊപ്പം സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം കുറഞ്ഞതും കെഎസ്ഇബിക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
ഈ മാസം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 101.55 ദശലക്ഷം യൂണിറ്റ് വരെ ഉയർന്നിരുന്നു. കെഎസ്ഇബിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒക്ടോബർ മാസത്തിൽ വൈദ്യുതി ഉപയോഗം ഇത്രയധികം ഉയരുന്നത്.
എന്നാൽ, തിങ്കളാഴ്ച എത്തിയപ്പോഴേക്കും വൈദ്യുതി ഉപയോഗം 84.08 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ഈ മാസത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപയോഗം 93.43 ദശലക്ഷം യൂണിറ്റായിരുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 84.7 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

