തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക പക്ഷിയായി കാട്ടുഞ്ഞാലിയെയും ഔദ്യോഗിക പുഷ്പമായി ഓർക്കിഡ് വിഭാഗത്തിൽപെട്ട ഡ്യൂറിയെയും തിരഞ്ഞെടുത്തു.
ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ ജൈവ വൈവിധ്യ കോൺക്ലേവിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ നടന്നത്. ചടങ്ങിൽ മന്ത്രി കെ.എം.ഷാജി ഉദ്ഘാടനം നിർവഹിച്ചു.
പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനും ജൈവസമ്പത്ത് സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കു മുൻഗണന നൽകണമെന്ന് മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലയുടെ ഔദ്യോഗിക ജന്തുവായി അണ്ണാൻ വർഗത്തിൽപ്പെട്ട കുഞ്ഞൻ പാറാൻ തിരഞ്ഞെടുക്കപ്പെട്ടു.
ഫലമായി ഞാവൽ, ശലഭമായി സന്ധ്യശലഭം, മത്സ്യമായി കുഴിപ്പുളവൻ എന്നിവയെയും പ്രഖ്യാപിച്ചിട്ടുണ്ട്. അബ്രഹാം ഞാവൽ ജില്ലയുടെ വൃക്ഷമായും, മലമ്പുളി പൈതൃക വൃക്ഷമായും അംഗീകാരം നേടി.
കാർഷിക മേഖലയിലും ഔഷധ രംഗത്തുമുള്ള പ്രധാന ഇനങ്ങളെയും കോൺക്ലേവിൽ പ്രഖ്യാപിച്ചു. വെള്ളായണി വഴുതനയെ ഔദ്യോഗിക കാർഷിക വിളയായും, ആരോഗ്യപ്പച്ചയെ ഔഷധ സസ്യമായും, കാട്ടുകാച്ചിലിനെ വന്യ കിഴങ്ങു വർഗമായും തിരഞ്ഞെടുത്തു.
കൂടാതെ, സൂക്ഷ്മ ജീവിയായി ലാക്ടിക്കേസിബാസിലസ് റാംനോസസിനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി, വികസന സ്ഥിര സമിതി അധ്യക്ഷ ബി.ശോഭന, അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് എ.നിസ, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ.അനിൽകുമാർ, മെംബർ സെക്രട്ടറി ഡോ.സി.അനിൽകുമാർ, ഡോ.പുത്തിയപറമ്പിൽ ജോസുകുട്ടി, ഡോ.ഇ.എസ്.സന്തോഷ് കുമാർ, ഡോ.കലേഷ് സദാശിവൻ, ഡോ.സാബു തോമസ്, ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർ പി.വൈ.അനിൽ കുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

