സംസ്ഥാനത്തെ പൊലീസ് വകുപ്പിന്റെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും എംഎൽഎയുമായ ജി സുധാകരൻ നിയമസഭയിൽ രംഗത്ത്. വകുപ്പ് മോശമായാൽ മന്ത്രി സുന്ദരനായിട്ട് കാര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
പൊലീസ് അതിക്രമങ്ങളെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. രമേശ് ചെന്നിത്തല വളരെ നല്ലയാളാണ് എന്നാൽ അദ്ദേഹത്തിന്റെ വകുപ്പ് മഹാമോശമായിരുന്നുവെന്നും പൊലീസുകാർ മുഴുവൻ കുഴപ്പക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ വകുപ്പ് എല്ലാ കാലത്തും പ്രശ്നമാണ്. പൊലീസുകാരെ കർശനമായി നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പൊലീസുകാരുടെ എണ്ണം വളരെ കുറവാണെന്നും കുറഞ്ഞത് ഒരു ലക്ഷം പൊലീസുകാരെങ്കിലും കേരളത്തിൽ വേണമെന്നും ജി സുധാകരൻ വ്യക്തമാക്കി. അതിൽ തന്നെ വനിതാ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടിക്കാനും പിടിക്കാനും മാത്രമല്ല പൊലീസുകാർ. പഞ്ചായത്തുകളിൽ കൂടുതൽ പൊലീസിനെ വിന്യസിപ്പിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, സെക്രട്ടേറിയറ്റിൽ കയറിയാൽ യാതൊരു മാറ്റവും കാണുന്നില്ലെന്നും തുരുമ്പിച്ച സംവിധാനങ്ങളെ ഉടൻ മാറ്റണമെന്നും നിർദ്ദേശിച്ചു.
അതേസമയം, കിഫ്ബി വളരെ നല്ല പ്രസ്ഥാനമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം മുൻകാലങ്ങളിൽ അവിടെയുണ്ടായ നിയമനങ്ങളെയും ക്രമക്കേടുകളെയും വിമർശിച്ചു. കഴിഞ്ഞ സർക്കാർ വന്നപ്പോൾ റിട്ടേഡ് ആയി മൂക്കിൽ പല്ല് വന്ന ആളെ കിഫ്ബിയിൽ നിയമിച്ചു.
നാണമില്ലേ ഇങ്ങനെയുള്ള ആളുകളെ നിയോഗിക്കാൻ എന്ന് ചോദിച്ച അദ്ദേഹം, ഇവരെയൊന്നും നിയോഗിക്കരുതെന്നാണ് കമ്മ്യൂണിസ്റ്റ് നയമെന്നും ഓർമ്മിപ്പിച്ചു. അന്നത്തെ കാലത്ത് കിഫ്ബിയിൽ ഉണ്ടായിട്ടുള്ള ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കണം.
കൂടാതെ സാമൂഹ്യ ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കി ഉയർത്തണമെന്നും ജി സുധാകരൻ നിയമസഭയിൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

