വനിതാ അണ്ടർ 19 ടി20 ട്രോഫി എലിറ്റ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്കോററുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച കാരണം തങ്ങൾക്ക് തോൽവി നേരിടേണ്ടി വന്നുവെന്ന് കാണിച്ച് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐക്ക് ഔദ്യോഗിക പരാതി നൽകി. ഒക്ടോബർ 20-ന് നാഗ്പൂരിലെ ലേഡി അമൃതഭായ് ദാഗ കോളേജ് ഗ്രൗണ്ടിൽ ഉത്തരാഖണ്ഡിനെതിരെ നടന്ന മത്സരത്തിലാണ് വിവാദമായ സംഭവങ്ങൾ അരങ്ങേറിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ജാർഖണ്ഡ് അവസാന പന്തിൽ 133 റൺസിന് പുറത്താവുകയായിരുന്നു.
ഇതോടെ ഒരു റൺസിന്റെ വിജയവുമായി ഉത്തരാഖണ്ഡ് ക്വാർട്ടറിലേക്ക് പ്രവേശിച്ചപ്പോൾ ജാർഖണ്ഡ് ടൂർണമെന്റിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. വിവാദത്തിന്റെ പശ്ചാത്തലം:
ജാർഖണ്ഡ് ഇന്നങ്സിന്റെ അവസാന ഓവറിലെ നാലാം പന്തിൽ ലക്ഷ്മി കുമാരി രണ്ടാം റൺസിനായി ശ്രമിക്കുന്നതിനിടെ റൺഔട്ടാവുകയുണ്ടായി.
എന്നാൽ താരം വിജയകരമായി പൂർത്തിയാക്കിയ ആദ്യ റൺസ് ഔദ്യോഗിക സ്കോർ ഷീറ്റിൽ രേഖപ്പെടുത്താൻ സ്കോറർ തയ്യാറായില്ലെന്നും പകരം റൺഔട്ട് മാത്രം കണക്കിലെടുക്കുകയായിരുന്നുവെന്നുമാണ് ജാർഖണ്ഡിന്റെ പ്രധാന ആരോപണം. എങ്കിലും ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ഡിജിറ്റൽ സ്കോർബോർഡിൽ ഈ റൺസ് കൃത്യമായി പ്രദർശിപ്പിച്ചിരുന്നതിനാൽ, അതനുസരിച്ചുള്ള ലക്ഷ്യം മുൻനിർത്തിയാണ് ശേഷിക്കുന്ന പന്തുകൾ കളിച്ചതെന്ന് ജാർഖണ്ഡ് മാനേജ്മെന്റ് വ്യക്തമാക്കുന്നു.
അവസാന പന്തിൽ വിജയത്തിനായി 2 റൺസും മത്സരം സമനിലയിലാക്കാൻ 1 റൺസുമാണ് ആവശ്യമായിരുന്നത്. ഈ കണക്കുകൂട്ടലോടെ ബാറ്റ് വീശിയ ജാർഖണ്ഡ് അവസാന പന്തിൽ ഒരു റൺസ് ഓടിയെടുത്തുവെങ്കിലും അടുത്ത റൺസിനുള്ള ശ്രമത്തിനിടയിൽ വീണ്ടും റൺഔട്ടാവുകയായിരുന്നു.
മത്സരം ടൈ ആയെന്ന് വിശ്വസിച്ച ജാർഖണ്ഡ് താരങ്ങൾക്ക്, ഒദ്യോഗിക സ്കോർകാർഡിൽ ഒരു റൺസിന്റെ തോൽവി രേഖപ്പെടുത്തിയത് വലിയ ആഘാതമായി മാറി. തുടർന്ന് കളിക്കാർ സ്കോററുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണുണ്ടായത്.
അവസാന ഓവറിൽ ജയിക്കാൻ 5 റൺസ് ആവശ്യമായിരുന്നെങ്കിലും തുടർച്ചയായ റൺഔട്ടുകൾ ജാർഖണ്ഡിന്റെ പ്രതീക്ഷകൾ തകിടം മറിക്കുകയായിരുന്നു. ഈ ഓവറിൽ മാത്രം മൂന്ന് റൺഔട്ടുകൾ പിറന്നതോടെ ജാർഖണ്ഡിന്റെ ഇന്നിംഗ്സ് 133 റൺസിൽ അവസാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

