കാസർകോട് ജില്ലയിൽ കുന്നുകളും മലകളും ഇടിച്ചുനിരത്തി കല്ലും ബോക്സൈറ്റ് മിശ്രിത മണ്ണും ചെങ്കല്ലും അയൽ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിലേക്ക് വ്യാപകമായി കടത്തുന്നതായി പരാതി. റവന്യൂ, മൈനിങ് ആൻഡ് ജിയോളജി, ആർടിഒ, ജിഎസ്ടി തുടങ്ങിയ സർക്കാരിന്റെ വിവിധ വകുപ്പുകൾ നടപടി സ്വീകരിക്കാതെ വിഷയത്തിൽ നിന്ന് കയ്യൊഴിയുകയാണെന്ന് എടനാട് സ്വദേശി എൻ.കേശവ നായ്ക് ആരോപിച്ചു.
അധികൃതരെ നേരിട്ടും അല്ലാതെയും പലതവണ കണ്ടു പരാതി നൽകിയെങ്കിലും നിഷേധാത്മക സമീപനമാണ് ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന ചരക്കുവാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കാൻ അധികാരമില്ലെന്നും ഇക്കാര്യം പൊലീസിനെ അറിയിക്കുക മാത്രമാണ് തങ്ങളുടെ ചുമതയെന്നുമാണ് ബന്ധപ്പെട്ട
വകുപ്പുകളുടെ മറുപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിവിധ വകുപ്പുകൾ ഒഴിഞ്ഞുമാറുമ്പോൾ പൊലീസ് മിന്നൽ നടപടികളുമായി രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ അനന്തപുരം ഇൻഡസ്ട്രിയൽ ഏരിയയിൽ മണ്ണുകടത്ത് നടക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ കുമ്പള എസ്ഐ എം.കെ.വൈശാഖും സംഘവുമെത്തി പ്രതികളെ പിടികൂടി.
രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണെടുക്കുകയായിരുന്ന സംഭവത്തിൽ, മണ്ണു കടത്തുകയായിരുന്ന ആന്ധ്ര ടോറസ് ലോറിയും പിടിച്ചെടുത്തു. തുടർന്ന് ഈ വാഹനം ആർഡിഒയ്ക്ക് കൈമാറുകയായിരുന്നു.
അനന്തപുരം ഉൾപ്പെടെയുള്ള മഞ്ചേശ്വരം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിദിനം ലോഡുകണക്കിന് ബോക്സൈറ്റ് മിശ്രിത മണ്ണും ചെങ്കല്ലും തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലേക്ക് കടത്തുന്നുണ്ടെന്നാണ് പ്രധാന ആരോപണം. അനന്തപുരം ക്ഷേത്രം, കണ്ണൂർ മസ്ജിദ് പരിസരം, കേരള-കർണാടക അതിർത്തിയായ ബായാർ പദക്കല്ല് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ബോക്സൈറ്റ് മിശ്രിത മണ്ണ് വ്യാപകമായി കടത്തുന്നത്.
ഇതിനുപുറമേ നാരായണമംഗലം, മൊഗ്രാൽ വില്ലേജ്, പുത്തിഗെ, കട്ടത്തടുക്ക, കയ്യാർ വില്ലേജ്, വോർക്കാടി, കോളിയൂർ, പൊസഡിഗുംപെ, ധർമത്തടുക്ക, ബെദ്രംപള്ള, ഷേണി, പെർല, കിദൂർ, ബംബ്രാണ, ഇച്ചിലംപാടി, ആനക്കല്ല്, പാവൂർ, തവിടുഗോളി, കെദംപാടി എന്നീ പ്രദേശങ്ങളിലും കാസർകോട് താലൂക്കിലെ മാന്യ, നെല്ലിക്കട്ട, നാരംപാടി, അഡൂർ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും വൻതോതിൽ ചെങ്കൽ കടത്ത് നടക്കുന്നതായി പരാതിയിൽ പറയുന്നു. വ്യാപകമായി നടക്കുന്ന ഈ അനധികൃത കടത്ത് തടഞ്ഞില്ലെങ്കിൽ ഷിരൂർ, വയനാട്, നേപ്പാൾ മാതൃകയിലുള്ള വലിയ ദുരന്തങ്ങൾ ഇവിടെയും ആവർത്തിക്കുമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കുന്നുണ്ട്.
രാഷ്ട്രീയ നേതാക്കളുടെതുൾപ്പെടെയുള്ള വലിയ മാഫിയ സംഘങ്ങളുടെ പിന്തുണയോടെയാണ് കുന്നുകളും മലകളും നിരപ്പാക്കിയുള്ള ഈ കടത്തു പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

