ദേശീയപാത 544ൽ വടക്കഞ്ചേരി മേൽപാലത്തിലെ തൂണുകളെ ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് ബീം ചേരുന്ന 16 ജോയിന്റുകൾ കുത്തിപ്പൊളിച്ചു. തൃശൂർ ദിശയിലേക്കുള്ള മൂന്നുവരി പാലം പൂർണമായും അടച്ചാണ് നിലവിൽ നിർമാണം പുരോഗമിക്കുന്നത്.
നിർമാണം വേഗത്തിലാക്കണമെന്ന് ദേശീയപാത അതോറിറ്റി നിർമാണ കമ്പനിക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെങ്കിലും തൊഴിലാളികളുടെ കുറവ് ജോലികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാലത്തിന്റെ 16 സ്ഥലങ്ങളിലും ജോയിന്റുകൾ ചേരുന്ന ഭാഗത്തെ കോൺക്രീറ്റ് പാളികൾ പൂർണ്ണമായി ഇളക്കി മാറ്റി പുതിയ കമ്പികൾ പാകി കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണു ഇപ്പോൾ നടക്കുന്നത്.
ഒട്ടേറെ തവണ അറ്റകുറ്റപ്പണികൾ നടത്തിയ ജോയിന്റുകളിൽ വീണ്ടും വിള്ളലുകൾ രൂപപ്പെട്ടതിനെ തുടർന്നാണ് ഈ പുനർനിർമാണം. നിലവിൽ മേൽപാലത്തിന്റെ ഡയാന ജംക്ഷൻ മുതൽ പാലക്കാട് ദിശയിലേക്കുള്ള പകുതി ഭാഗത്താണ് പണികൾ നടക്കുന്നത്.
കോൺക്രീറ്റിങ് പ്രവൃത്തികൾ പൂർത്തിയായി 15 ദിവസത്തിനു ശേഷമേ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. കൂടാതെ, പാലത്തിനടിയിലെ ബീമുകളിലെ സിമന്റ് പാളികൾക്കുണ്ടായ വിള്ളലുകളും പരിഹരിക്കേണ്ടതുണ്ട്.
പാലത്തിന്റെ പാലക്കാട് ദിശയിലേക്കുള്ള ഒരു വശത്തുകൂടി മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. ഈ പാതയിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് ശക്തമായ കുലക്കം അനുഭവപ്പെടുന്നുണ്ട്.
നിലവിലെ നിർമാണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് വലതുവശത്തെ പാലം അടച്ച് അവിടെയും സമാനമായ രീതിയിൽ പണികൾ നടത്തേണ്ടതുണ്ട്. മഴയുള്ള സമയങ്ങളിൽ പാലത്തിലെ വെള്ളം ജോയിന്റുകൾ വഴി താഴേക്ക് ഒലിച്ചിറങ്ങുന്നതായും പരാതിയുണ്ട്.
നിർമാണത്തിലെ പ്രകടമായ അപാകതകളെക്കുറിച്ചും കരാർ കമ്പനിയുടെ വീഴ്ചകളെക്കുറിച്ചും സമഗ്രമായ ഗുണനിലവാര പരിശോധന നടത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും, ദേശീയപാത അതോറിറ്റി ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല. തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങൾ വടക്കഞ്ചേരി സർവീസ് റോഡ് വഴി തിരിച്ചുവിട്ടിട്ടുണ്ടെങ്കിലും ഈ പ്രദേശത്ത് നിലവിൽ രൂക്ഷമായ ഗതാഗതക്കുരുപ്പാണ് അനുഭവപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

