നവീകരണ പ്രവൃത്തികൾ പുരോഗDക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആലുവ മാർത്താണ്ഡവർമ പഴയ പാലം ഒക്ടോബർ 28 മുതൽ നവംബർ ആറുവരെ പത്ത് ദിവസത്തേക്ക് പൂർണ്ണമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഈ കാലയളവിൽ പ്രദേശത്ത് കർശനമായ ഗതാഗത ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
തൃശൂർ ഭാഗത്തുനിന്നും ആലുവ, എറണാകുളം ഭാഗത്തേക്ക് എത്തുന്ന ഗ്യാസ്-പെട്രോളിയം ടാങ്കറുകൾ, കണ്ടെയ്നറുകൾ, ടോറസ് ഉൾപ്പെടെയുള്ള എല്ലാ വലിയ ഭാരവാഹനങ്ങളും അങ്കമാലിയിൽ നിന്നും കാലടി-പെരുമ്പാവൂർ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്. എറണാകുളം ഭാഗത്തുനിന്നും വരുന്ന സമാനമായ ഭാരവാഹനങ്ങൾ കളമശ്ശേരിയിൽ നിന്നും തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി പറവൂർ ഭാഗത്തേക്ക് പോകണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നും ആലുവയിലേക്ക് വരുന്ന വാഹനങ്ങൾ കടുങ്ങല്ലൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് യു.സി കോളേജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ എത്തി യാത്ര തുടരണം. മറിച്ച്, ആലുവയിൽ നിന്നും വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തോട്ടക്കാട്ടുകര ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കടുങ്ങല്ലൂർ റോഡ് വഴി പോകേണ്ടതാണ്.
പറവൂർ കവല-തോട്ടക്കാട്ടുകര സർവീസ് റോഡിൽ പറവൂർ കവലയിൽ നിന്നും ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. അങ്കമാലി, പറവൂർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും പറവൂർ കവലയിൽ നിന്നും മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേയിലൂടെ മാത്രം സഞ്ചരിക്കണം.
മാർത്താണ്ഡവർമ പുതിയ പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ഒരേസമയം ഒരു വരിയായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ ഗതാഗത നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്രാ സമയം ക്രമീകരിക്കണമെന്നും, ഈ ദിവസങ്ങളിൽ പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

