കോട്ടയം പൂഞ്ഞാറിൽ ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത സമയത്ത് മർദ്ദിച്ചുവെന്നാരോപിച്ച് പരാതിക്കാരനായ അഭിലാഷ് രംഗത്ത്. പൊലീസിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് പെരിങ്ങളം സ്വദേശിയായ പി ആർ അഭിലാഷ് മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയത്.
വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് വാഹനത്തിൽ കയറ്റിയപ്പോൾ മുതൽ പോലീസ് ക്രൂരമായി മർദ്ദിച്ചെന്നാണ് അഭിലാഷ് തുറന്നുപറഞ്ഞത്. കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന പരാതി നൽകിയതിനു ശേഷം ആദ്യമായാണ് പൊലീസിൽ നിന്ന് നേരിട്ട
ദുരന്തനുഭവം അഭിലാഷ് വെളിപ്പെടുത്തുന്നത്. ഒരു ഉദ്യോഗസ്ഥൻ പോലും മർദ്ദിച്ചില്ലെന്ന പൊലീസിന്റെ വാദമാണ് ഇതിലൂടെ ഖണ്ഡിക്കപ്പെടുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അഭിലാഷ്. പൂഞ്ഞാറിലെ കെഎസ്ഇബിയുടെ വൈദ്യുതി കമ്പികൾ മോഷണം പോയ കേസിൽ ചോദ്യം ചെയ്യാനാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
എന്നാൽ പ്രതിപട്ടികയിൽ പോലും ഇല്ലാതിരുന്നിട്ടും തന്നോട് വളരെ മോശമായാണ് പൊലീസ് പെരുമാറിയതെന്ന് അഭിലാഷ് വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും അഭിലാഷും കുടുംബവും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ഇതിനുപുറമെ, വിവിധ ആദിവാസി – ദളിത് സംഘടനകളും മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. അഭിലാഷിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
അതിവേഗം അന്വേഷണം വേണമെന്നും പാലാ ഡിവൈഎസ്പിയെ അന്വേഷണത്തിൽ നിന്ന് മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടാണ് പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എൻ വാസവൻ അടക്കമുള്ള പ്രമുഖ നേതാക്കളും പട്ടികജാതി ക്ഷേമ സമിതി ഭാരവാഹികളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരിട്ടെത്തി അഭിലാഷിനെ സന്ദർശിച്ചിരുന്നു. നിലവിൽ അഭിലാഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

