പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ തങ്ങളുടെ സ്ഥാനാർഥിക്ക് വോട്ട് നൽകിയാൽ ആൺമക്കളുടെ വിവാഹത്തിനു യുവതികളെ കണ്ടെത്താൻ സഹായിക്കാമെന്ന് കോൺഗ്രസ് എംഎൽഎയുടെ വാഗ്ദാനം. ജുൻജുനു ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂരജ്ഗഡ് എംഎൽഎ ഷർവൺ കുമാറാണ് വോട്ടിനു വിവാഹം എന്ന വാഗ്ദാനം നൽകിയത്.
റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് തന്റെ ആളുകൾ സ്ഥാനാർഥിക്ക് വോട്ട് ചെയ്താൽ മതിയെന്നും, അവർ ആവശ്യപ്പെട്ടാൽ അവരുടെ അവിവാഹിതരായ മക്കളുടെ വിവാഹനിശ്ചയം നടത്താൻ താൻ സഹായിക്കുമെന്നുമാണ് ഷർവൺ കുമാർ പറഞ്ഞത്. രാജസ്ഥാനിലെ ഝഝർ ഗ്രാമത്തിലെ സ്ഥാനാർഥിയും സമാനമായ വാഗ്ദാനം വോട്ടർമാരോട് പങ്കുവയ്ക്കുന്ന വിഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും.” എന്നായിരുന്നു വിഡിയോയിലെ വാഗ്ദാനം. രാജസ്ഥാനിൽ യുവാക്കൾക്ക് വിവാഹം ചെയ്യാൻ പെൺകുട്ടികളെ ലഭിക്കാതായതോടെ ബിഹാറിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നുമാണ് ഇപ്പോൾ കണ്ടെത്തി വിവാഹം ചെയ്യുന്നത്.
വിവാഹത്തിനു യുവതികളെ കിട്ടാതായതോടെ രാജസ്ഥാന്റെ തിരഞ്ഞെടുപ്പിൽ ഈ വിഷയം വലിയ തോതിൽ ചർച്ചയാവുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേതാവും മുൻ എംഎൽഎയുമായ രാംലാൽ ശർമയും സമാനമായ വാഗ്ദാനം നൽകിയിരുന്നു.
ഒരു യുവാവ് വിവാഹം ചെയ്യാൻ പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ശർമയ്ക്ക് കത്തെഴുതിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു തന്റെ വാഗ്ദാനമെന്ന് ശർമ പിന്നീട് വ്യക്തമാക്കി.
2011 ലെ സെൻസസ് പ്രകാരം, രാജസ്ഥാനിലെ ലിംഗാനുപാതം 1,000 പുരുഷന്മാർക്ക് 928 സ്ത്രീകൾ എന്ന നിലയിലാണ്. ഇത് ദേശീയ ശരാശരിയായ 943 നേക്കാൾ താഴെയാണ്.
രാജസ്ഥാനിൽ നാല് ഘട്ടമായിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഒരു ഘട്ടം വോട്ടെടുപ്പ് പൂർത്തിയായി.
ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിലേക്കുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

