ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദം ശക്തമായ ചുഴലിക്കാട്ടായി മാറി.
‘അർണബ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ന് അർധരാത്രിയോടെ ഇത് തീവ്ര ചുഴലിക്കാട്ടായും, നാളെയോടെ അതിതീവ്ര ചുഴലിക്കാട്ടായും മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.
വരുന്ന ബുധനാഴ്ച ഉച്ചയോടെ ആന്ധ്ര പ്രദേശിലെ ബാപ്റ്റലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള ഭാഗത്തുനിന്ന് കാറ്റ് കരയിലേക്ക് പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ ആന്ധ്ര തീരത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ 8.30ന് പുറത്തിറക്കിയ ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം, ചുഴലിക്കാറ്റ് നിലവിൽ ഒഡീഷയിലെ ഗോപാൽപുരിൽനിന്ന് 580 കിലോമീറ്റർ അകലെയും, ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് 610 കിലോമീറ്റർ അകലെയുമാണ് നിലകൊള്ളുന്നത്. കരതൊടുന്ന വേളയിൽ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും, ചില ഘട്ടങ്ങളിൽ 140 കിലോമീറ്റർ വരെയും വേഗത കൈവരിക്കാൻ സാധ്യതയുള്ള ശക്തമായ കാറ്റിനാണ് സാധ്യത കൽപിച്ചിരിക്കുന്നത്.
അപകടാവസ്ഥ കണക്കിലെടുത്ത് ആന്ധ്ര പ്രദേശ്, ഒഡീഷ തീരപ്രദേശങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലിൽ പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ എത്രയും പെട്ടെന്ന് തന്നെ സുരക്ഷിതമായി കരയിലേക്ക് മടങ്ങണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
ആന്ധ്ര, ബംഗാൾ, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ തീരമേഖലകളിൽ അർണബ് ചുഴലിക്കാറ്റിന്റെ ആഘാതം രൂക്ഷമായി അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് നിലവിൽ യെലോ അലർട്ട് നിലവിലുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

