മറ്റു വായ്പകളുടെ തിരിച്ചടവുകൾക്കായി സ്വർണവായ്പകളെ വ്യാപകമായി ആശ്രയിക്കുന്നത് ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും കനത്ത വെല്ലുവിളിയാകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അനുവദിച്ച മൊത്തം സ്വർണവായ്പകളിൽ 23 ശതമാനത്തോളം വായ്പകളും, അതായത് ഏകദേശം 4.70 ലക്ഷം കോടി രൂപയോളം വരുന്ന തുക, 90 ദിവസത്തിലേറെയായി തിരിച്ചടവ് മുടങ്ങി നിഷ്ക്രിയ ആസ്തിയായി മാറിയ വിഭാഗത്തിലുള്ളതാണെന്ന റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
മറ്റു ചെറുകിട വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണവായ്പകളിൽ പൊതുവെ റിസ്ക് കുറവാണെങ്കിലും, മറ്റ് ബാധ്യതകൾ വീട്ടുവാൻ സ്വർണത്തെ ആശ്രയിക്കുന്ന പ്രവണത വർധിക്കുന്നത് ഈ മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇതിനിടയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന കുത്തനെ ഇടിവ് വായ്പ നൽകിയ സ്ഥാപനങ്ങൾക്ക് വലിയ തിരിച്ചടിയായി മാറും. വായ്പാ തിരിച്ചടവ് വലിയതോതിൽ മുടങ്ങുമ്പോൾ സ്ഥാപനങ്ങൾക്ക് ഈടുനൽകിയ സ്വർണാഭരണങ്ങൾ ലേലം ചെയ്യേണ്ടി വരുന്നു.
സ്വർണവില ഇടിയുന്ന സാഹചര്യത്തിൽ ലേലത്തിലൂടെ ലഭിക്കുന്ന തുക വിപണി വിലയേക്കാൾ കുറവായിരിക്കുമെന്നത് മറ്റൊരു പ്രതിസന്ധിയാണ്. കൂടാതെ, വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏർപ്പെടുത്തിയിട്ടുള്ള പുതിയ മാനദണ്ഡങ്ങളും ധനകാര്യ സ്ഥാപനങ്ങൾക്ക് തലവേദന സൃഷ്ടിക്കുകയാണ്.
മുൻകാലങ്ങളിൽ ഈടുനൽകുന്ന ആഭരണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെയായിരുന്നു വായ്പയായി നൽകിയിരുന്നത്. എന്നാൽ ആർബിഐയുടെ പുതിയ നിർദേശപ്രകാരം 2.50 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ആഭരണ മൂല്യത്തിന്റെ 85 ശതമാനവും, 2.50 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 80 ശതമാനവും, അതിനു മുകളിലുള്ള വായ്പകൾക്ക് 75 ശതമാനവും വരെ വായ്പ നൽകാം.
സ്വർണവില കുറയുമ്പോൾ വായ്പാ തുകയും ഈടിന്റെ മൂല്യവും തമ്മിലുള്ള മാർജിൻ കുറയുകയും ഇത് സ്ഥാപനങ്ങളുടെ സാമ്പത്തിക റിസ്ക് വർധിപ്പിക്കുകയും ചെയ്യും. ആഭരണങ്ങൾ ലേലത്തിൽ വെക്കുന്ന നടപടിക്രമങ്ങൾ ബാങ്കുകൾക്ക് അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.
സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾ മൂലമുള്ള അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനായി സ്ഥാപനങ്ങൾ ഹെഡ്ജിങ് രീതികൾ ഉപയോഗിക്കാറുണ്ട്. എങ്കിലും, ഈടുള്ള ആഭരണങ്ങൾ ലേലം ചെയ്യുമ്പോൾ വിപണി വിലയേക്കാൾ കുറഞ്ഞ തുക ലഭിച്ചാൽ ആ നഷ്ടം ഹെഡ്ജിങ് ഏജൻസി നികത്തി നൽകുകയില്ല.
രാജ്യത്ത് സ്വർണവായ്പ വിപണി അതിവേഗത്തിലാണ് വളർച്ച കൈവരിക്കുന്നത്. ആർബിഐയുടെ കണക്കുകൾ പ്രകാരം ഈ വർഷം പകുതിവരെ ബാങ്കുകൾ നൽകിയ സ്വർണവായ്പ 5.60 ലക്ഷം കോടി രൂപയാണ്.
ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 83 ശതമാനം വർധനവാണ് കാണിക്കുന്നത്. കൂടാതെ എൻബിഎഫ്സികൾ നൽകിയ വായ്പ 69 ശതമാനം വളർച്ചയോടെ 3.60 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

