മഴ തോർന്നിട്ടും ചാത്തന്നൂരിൽ വയോധിക ദമ്പതികളുടെ ജീവിതം ദുരിതക്കയത്തിൽ തന്നെ. വീടിനുള്ളിൽ നിന്ന് മഴവെള്ളവും ചെളിയും പൂർണ്ണമായി നീക്കം ചെയ്യാൻ സാധിക്കാത്തതിനാൽ മൂന്ന് ദിവസമായി 84 വയസ്സുകാരനായ പി.സുരേന്ദ്രനും 77 കാരിയായ ഭാര്യ ബേബി ശ്യാമളയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ചാത്തന്നൂർ കെഎസ്ആർടിസി ജംക്ഷന് സമീപം അമ്പാടിയിൽ സ്ഥിതി ചെയ്യുന്ന ഇവരുടെ വീടിനുള്ളിലേക്ക് ദേശീയപാതയിൽ നിന്ന് വെള്ളം ഇരച്ചുകയറുകയായിരുന്നു. ‘‘രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ കാലിൽ തണുപ്പ് അനുഭവപ്പെട്ടു.
നോക്കുമ്പോൾ തറയിലാകെ വെള്ളം. വാതിൽ തുറന്നതും വെള്ളം ഇരച്ചു കയറി.
ഒരടിയിലേറെ ഉയരത്തിൽ വെള്ളം നിറഞ്ഞു… വെള്ളം ഇറങ്ങുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ഓരോ മണിക്കൂറും നീണ്ട പീഡനകാലമായിരുന്നെന്നു സുരേന്ദ്രൻ പറഞ്ഞു.’’ മുറികളിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ നിത്യോപയോഗ സാധനങ്ങളും മറ്റ് വീട്ടുപകരണങ്ങളും പൂർണ്ണമായും നശിച്ചു.
അടുക്കളയിൽ കയറി ഭക്ഷണം പാകം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവർ. വടിയുടെ സഹായത്താൽ വേണം ഈ മുറികളിലൂടെ നടക്കാൻ.
മലിനജലവും കടുത്ത തണുപ്പും കാരണം രോഗങ്ങൾ പിടിപെടുമോ എന്ന ആശങ്കയിലാണ് ഈ ദമ്പതികൾ. കലക്ടർ ഉൾപ്പെടെയുള്ളവർ സമീപ പ്രദേശങ്ങൾ സന്ദർശിച്ചെങ്കിലും തങ്ങളുടെ ദുരിതാവസ്ഥ കണ്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.
ദേശീയപാതയിൽ നിന്നുള്ള വെള്ളപ്പാച്ചിൽ പ്രദേശത്തെ വ്യവസായ സ്ഥാപനങ്ങളിലും വലിയ നാശനഷ്ടമാണുണ്ടാക്കിയത്. ചാത്തന്നൂർ കെഎസ്ആർടിസി ജംക്ഷനിലെ ഗുഡ്മോർണിങ് മെഷീൻസ് ആൻഡ് മിൽ സ്റ്റോർ, ഗുഡ്മോണിങ് ഫ്ലവർമിൽ, ലെയ്ത്ത് എന്നീ സ്ഥാപനങ്ങളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്.
ഭക്ഷ്യോൽപന്ന യന്ത്രങ്ങളും വുഡ് വർക്ക് യന്ത്രങ്ങളും അടക്കം ഒന്നരയടിയിലേറെ വെള്ളത്തിൽ മുങ്ങി. മില്ലിലുണ്ടായിരുന്ന മുളക് പൊടി, മല്ലി പൊടി, അരിപ്പൊടി തുടങ്ങിയ ഉൽപന്നങ്ങളും നശിച്ചിട്ടുണ്ട്.
ദേശീയപാതയിലെ ഓടയിലെ ഗ്രില്ലിൽ കൂടി വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകിയെത്തിയതാണ് ദുരന്തകാരണമെന്ന് സ്ഥാപന ഉടമ ജെ.സുദർശനൻ വ്യക്തമാക്കി. ‘‘നോക്കിനിൽക്കെയാണ് പ്രളയസമാനമായ വെള്ളപ്പാച്ചിലുണ്ടാകുന്നത്.
ദേശീയപാതയിലെ ഓടയിലെ ഗ്രില്ലിലൂടെ അതിശക്തമായി പുറത്തേക്കു ഇരച്ചെത്തുകയായിരുന്നു. അപ്രതീക്ഷിതമായ വെള്ളപ്പാച്ചിലിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു.
എൻഎച്ച് നിർമാണം ആരംഭിച്ച ശേഷം നാലാം തവണയാണ് സ്ഥാപനത്തിൽ വെള്ളം കയറുന്നത്.’’ ശാസ്ത്രീയമായ രീതിയിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തതാണ് ഇത്തരം വെള്ളപ്പൊക്കങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

