അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള അഞ്ച് ദിവസങ്ങളിൽ രാജ്യത്ത് മഴയ്ക്കും കനത്ത മൂടൽമഞ്ഞിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി അറിയിച്ചു.
കാലാവസ്ഥാ പ്രവചനം വിശദമായി ശനിയാഴ്ച: ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതോടൊപ്പം താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തും.
പർവ്വത മേഖലകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയർന്നേക്കാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 33 ഡിഗ്രി സെൽഷ്യസ് മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, ഉൾപ്രദേശങ്ങളിൽ 35 ഡിഗ്രി സെൽഷ്യസ് മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില അനുഭവപ്പെടും.
പർവ്വത മേഖലകളിൽ ഇത് 26 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. ഞായറാഴ്ച: രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും ചില തീരദേശ-ഉൾനാടൻ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെടാം. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം.
തിങ്കളാഴ്ച: വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴ തുടരും. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചമറയാൻ ഇടയുണ്ട്.
ചൊവ്വയും ബുധനും: ചൊവ്വാഴ്ചയും വടക്കൻ, കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നു. മഴമേഘങ്ങൾ രൂപപ്പെടുന്ന സമയങ്ങളിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.
ബുധനാഴ്ചയും കിഴക്കൻ, വടക്കൻ മേഖലകളിൽ മഴമേഘങ്ങളുടെ സാന്നിധ്യം തുടരും. വ്യാഴാഴ്ച പുലർച്ചെയോടെ പടിഞ്ഞാറൻ തീരദേശ മേഖലകളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷ ഈർപ്പം വർധിക്കുമെന്നും മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമോ മിതമായ തോതിൽ പ്രക്ഷുബ്ധമോ ആയിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

