ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ വയർലെസിലൂടെ സന്ദേശങ്ങൾ കൈമാറിയ പൊലീസ് ഉദ്യോഗസ്ഥനെ റൂറൽ ജില്ലാ പൊലീസ് മേധാവി നേരിട്ട് ഇടപെട്ട് പിടികൂടി. പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഗുരുതരമായ അച്ചടക്കലംഘനത്തിന് കുടുങ്ങിയത്.
സംഭവത്തിൽ ഇയാൾക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കുന്നതിനായി റൂറൽ എസ്പി ബി.പ്രശാന്തൻ കാണി ഡിഐജിക്ക് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞമാസം 15-ാം തീയതി രാത്രി 11.30-ഓടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
നെടുമങ്ങാട് സബ് ഡിവിഷൻ പരിധിയിലെ നൈറ്റ് ഡ്യൂട്ടി ചുമതലയായിരുന്നു പോത്തൻകോട് സ്റ്റേഷനിലെ ഈ ഉദ്യോഗസ്ഥനുണ്ടായിരുന്നത്. ഇതിനിടയിൽ പട്രോളിങ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനിടയിലാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസാരം അവ്യക്തമാണെന്നും നാവ് കുഴയുന്നതായും എസ്പിയുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ അന്ന് റൂറൽ ജില്ലയിലെ രാത്രികാല ചുമതലയുണ്ടായിരുന്ന വർക്കല ഡിവൈഎസ്പിയോട് നേരിട്ട് സ്റ്റേഷനിൽ ഹാജരായി പരിശോധന നടത്താൻ എസ്പി കർശന നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വർക്കല ഡിവൈഎസ്പി സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുകയായിരുന്നു.
തുടർന്ന് ഇയാളെ കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും മദ്യപാനം സ്ഥിരീകരിക്കുകയും ചെയ്തു. വകുപ്പുതല നടപടികൾ ഉറപ്പായതോടെ രക്ഷപ്പെടാനായി 10 ദിവസത്തെ അവധിക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും മേധികാരികൾ അത് അംഗീകരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

