കണ്ണൂർ പള്ളിക്കുന്നിലെ എക്സൈസ് ഓഫിസിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ഉദ്യോഗസ്ഥർ ദുരിതത്തിൽ. നിലവിൽ എക്സൈസ് റേഞ്ച് ഓഫിസ്, എക്സൈസ് സർക്കിൾ ഓഫിസ്, സ്റ്റേറ്റ് നർകോട്ടിക് കൺട്രോൾ ബ്യൂറോ എന്നിങ്ങനെ മൂന്ന് ഓഫിസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ജില്ലാ എക്സൈസ് എൻഫോഴ്സ്മെന്റ് മേധാവിയുടെ(അസി.എക്സൈസ് കമ്മിഷണർ) ഓഫിസും ഇവിടെയാണ്. എക്സൈസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇന്റലിജൻസ് ബ്യൂറോ ഓഫിസും പ്രവർത്തിച്ചിരുന്നത് ഇവിടെയായിരുന്നു.
രണ്ടു മാസം മുൻപ് ഇത് കലക്ടറേറ്റിലേക്കു മാറ്റി. ഓഫിസ് കെട്ടിടനാവശ്യമായ സ്ഥലം ലഭിക്കാത്തതിനാൽ വർഷങ്ങളായി വാടകക്കെട്ടിടത്തിലാണ് ഉദ്യോഗസ്ഥരുടെ ജോലി.
16 വർഷം മുൻപാണ് പള്ളിക്കുന്നിലെ പഴയ ഇരുനില വീട്ടിലേക്ക് ഓഫിസുകൾ മാറ്റിയത്. ഇവിടെയാകട്ടെ അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ല.
കുടുസ്സുമുറികളിലിരുന്നു വേണം ജോലിചെയ്യാൻ. ആകെയുള്ളതാകട്ടെ ഒരു ശുചിമുറിയും.
9 വനിതാ ഉദ്യോഗസ്ഥരടക്കം അൻപതിലേറെ ഉദ്യോഗസ്ഥരുള്ള ഓഫിസിന്റെ ശോച്യാവസ്ഥയാണിത്. കെട്ടിട
പരിസരം കാടുമൂടിയ അവസ്ഥയിലാണ്. കേസുകളിൽപെടുന്ന വാഹനങ്ങളാകട്ടെ അതേമൂല്യത്തിൽ സംരക്ഷിക്കാനാകുന്നുമില്ല.
കണ്ടെത്തുന്ന സ്ഥലങ്ങളെല്ലാം പലവിധ കാരണങ്ങളാൽ വകുപ്പിനു ലഭിക്കാറില്ല. നിലവിൽ പള്ളിക്കുന്നിലെ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലമാണ് ചോദിച്ചിട്ടുള്ളത്.
ഇതും ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. കമ്മിഷണർ ഓഫിസ് പുതിയ കെട്ടിടത്തിലേക്കു മാറ്റിയതിനാൽ പഴയ കെട്ടിടം ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുകയാണ്.
ഈ കെട്ടിടം താൽക്കാലികമായിട്ടാണെങ്കിലും എക്സൈസ് വകുപ്പിനു കൈമാറിയെങ്കിൽ ഉദ്യോഗസ്ഥർക്ക് അൽപമെങ്കിലും ആശ്വാസമായേനെ. എല്ലാ ഓഫിസുകളും ഉൾക്കൊള്ളുന്ന ഒരു എക്സൈസ് കോംപ്ലെക്സ് വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അതും ആവശ്യമായിത്തന്നെ അവശേഷിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

