ബോളിവുഡ് താരം ടൈഗർ ഷ്റോഫ് സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമികൾ വെടിയുതിർത്ത സംഭവത്തിൽ പരുക്കേറ്റ വ്ലോഗർ ഉമേഷ് ചൗഹാൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. വെടിയേറ്റതാണെന്ന് താൻ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ലെന്നും ഹൃദയാഘാതമാണെന്നാണ് കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയിൽ എത്തി ഡോക്ടർമാരെ കണ്ടപ്പോഴാണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് തനിക്ക് മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിന് പിന്നാലെ നെഞ്ചിൽ കടുത്ത വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.
വെടിവയ്പ്പിൽ പരുക്കേറ്റ ചൗഹാൻ നിലവിൽ ചികിത്സയിലാണ്. മുംബൈയിലെ ജുഹുവിലുള്ള ഫുട്ബോൾ ഗ്രൗണ്ടിന് സമീപത്തുനിന്നും നടൻ സഞ്ചരിച്ച വാഹനം പുറത്തേക്ക് പോകുന്ന വേളയിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ഉമേഷ് ചൗഹാൻ.
ഇതിനിടയിലാണ് അപ്രതീക്ഷിതമായി വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തെക്കുറിച്ച് അദ്ദേഹം വിശദമാക്കുന്നത് ഇങ്ങനെ: ‘‘ഗേറ്റിൽനിന്ന് കാർ പുറത്തിറങ്ങിയപ്പോൾ ടൈഗർ ഷ്റോഫിന്റെ കാറിന്റെ ജനലിനോടു ചേർന്നാണ് ഞാൻ നിന്നിരുന്നത്.
വിഡിയോ റെക്കോർഡ് ചെയ്യുന്നതിനിടെ പെട്ടെന്നാണ് ഒരു വലിയ ശബ്ദം കേട്ടത്. കാറിന്റെ ടയർ പൊട്ടിയതാണെന്നാണ് ആദ്യം കരുതിയത്.
എന്നാൽ തൊട്ടുപിന്നാലെ നെഞ്ചിൽ ശക്തമായ വേദന അനുഭവപ്പെട്ടു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി.
പിന്നാലെ നിലവിളിച്ചു. വെടിയേറ്റ കാര്യം ഞാൻ അറിഞ്ഞിരുന്നില്ല.
ആശുപത്രിയിൽ എത്തിയപ്പോഴാണ് സത്യം മനസ്സിലായത്. ഹൃദയാഘാതമാണെന്നാണ് ആദ്യം വിചാരിച്ചത്’’.
സംഭവസ്ഥലത്തു വെച്ച് ബോധരഹിതനായി വീണ ചൗഹാനെ പ്രദേശവാസികളാണ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വെടിയുണ്ട ഹൃദയത്തിനോ ശ്വാസകോശത്തിനോ ഗുരുതരമായി പരുക്കേൽപ്പിച്ചിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
കൂടാതെ, നടൻ ടൈഗർ ഷ്റോഫിന്റെ അമ്മ ആശുപത്രിയിൽ നേരിട്ടെത്തി തന്നെ സന്ദർശിച്ചതായും ആവശ്യമായ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തതായും ചൗഹാൻ വെളിപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശിയായ ഉമേഷ് ചൗഹാൻ ഉപജീവനത്തിനായി ഡ്രൈവറായി ജോലി ചെയ്തുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

