കേരളത്തിൽ സ്വർണ്ണവില വീണ്ടും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
വിപണിയിൽ ഇന്ന് ഗ്രാമിന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ പുതുക്കിയ വിപണി വില 13,490 രൂപയായി മാറി.
പവന്റെ കാര്യത്തിലും സമാനമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 640 രൂപ കുറഞ്ഞ് 1,07,920 രൂപ എന്ന നിലയിലേക്ക് താഴ്ന്നു.
കഴിഞ്ഞ ഒക്ടോബർ 11-നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,040 രൂപയായിരുന്നു വില.
എന്നാൽ ഈ ഉയർന്ന നിരക്കിൽ നിന്നും ദിവസങ്ങൾക്കുള്ളിൽ പവന് 3120 രൂപയുടെ കുറവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 2026-ന്റെ അവസാനത്തോടെ സ്വർണ്ണവില വീണ്ടും കുതിച്ചുയരുമെന്ന സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനങ്ങൾക്കിടയിലാണ് വിപണിയിലെ ഈ അപ്രതീക്ഷിത വിലയിടിവ് എന്നത് ശ്രദ്ധേയമാണ്.
ഇന്നലെ സ്വർണ്ണവിലയിൽ ചെറിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ക്രൂഡോയിൽ വിലയിലെ വർദ്ധനവും പണപ്പെരുപ്പ ഭീഷണിയും ശക്തമായതിനെ തുടർന്ന് രാജ്യാന്തര വിപണിയിലും സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്.
അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗമാണ് നിലവിൽ നിക്ഷേപകരെ ജാഗ്രതയിലാക്കിയിരിക്കുന്നത്. ഇന്നലെ ഔൺസിന് 4160 ഡോളർ നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ച സ്വർണ്ണവില, ഇന്ന് 4116 ഡോളർ വരെ ഇടിഞ്ഞിരുന്നു.
പിന്നീട് ചെറിയ തിരിച്ചുവരവിലൂടെ 4148 ഡോളറിലേക്ക് കയറിയെങ്കിലും നിലവിൽ 1411 ഡോളർ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. എണ്ണവില ഉയർന്നു നിൽക്കുന്നത് അമേരിക്കൻ കേന്ദ്രബാങ്കിനെ വീണ്ടും അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കാൻ പ്രേരിപ്പിക്കുമോ എന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.
ഒക്ടോബർ 27, 28 തീയതികളിൽ നടക്കുന്ന ഫെഡ് യോഗത്തിൽ പലിശ നിരക്ക് മാറ്റമില്ലാതെ തുടരാനാണ് 83 ശതമാനം സാധ്യത കൽപ്പിക്കുന്നത്. എന്നാൽ ഡിസംബർ മാസത്തെ യോഗത്തിൽ നിരക്ക് 0.25 ശതമാനമെങ്കിലും വർധിപ്പിക്കാൻ 94 ശതമാനം സാധ്യതയുണ്ടെന്നും വിപണി വിലയിരുത്തുന്നു.
ഇത് സ്വർണ്ണവില ഇടിയാൻ കാരണമായേക്കാം. പലിശ വരുമാനം ലഭിക്കാത്ത നിക്ഷേപമാണ് സ്വർണ്ണം.
യുദ്ധം, സാമ്പത്തിക പ്രതിസന്ധി പോലുള്ള ഘട്ടങ്ങളിൽ പണപ്പെരുപ്പത്തെ നേരിടാൻ സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് നിക്ഷേപകർ സ്വർണ്ണത്തെ ആശ്രയിക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും സുരക്ഷിത നിക്ഷേപമെന്ന് കരുതുന്ന അമേരിക്കൻ കടപത്രങ്ങൾക്ക് ഉയർന്ന പലിശ ലഭിക്കുകയാണെങ്കിൽ നിക്ഷേപകർ സ്വർണ്ണത്തിൽ പണമിറക്കുന്നത് കുറയ്ക്കും.
ഇതോടെ ഡിമാൻഡും വിലയും കുറയുന്നതുമാണ് പതിവ്. ഇത് മുൻകൂട്ടി കണ്ടാണ് നിക്ഷേപകർ വിപണിയിൽ ജാഗ്രതയോടെ വ്യാപാരം നടത്തുന്നത്.
അതേസമയം, പുതിയ തലമുറയ്ക്കിടയിൽ ട്രെൻഡായി മാറിയ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,040 രൂപയായിട്ടുണ്ട്. 14 കാരറ്റ് സ്വർണം ഗ്രാമിന് 8635 രൂപയിലും, 9 കാരറ്റ് സ്വർണം 5570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ, പത്തുശതമാനം പണിക്കൂലി കണക്കാക്കുകയാണെങ്കിൽ കുറഞ്ഞത് 1,22,350 രൂപയെങ്കിലും നൽകേണ്ടി വരും. അടിസ്ഥാന വിലയ്ക്കും പണിക്കൂലിക്കും പുറമെ 3 ശതമാനം ജിഎസ്ടിയും, ഹോൾമാർക്കിങ് ചാർജായി 83.5 രൂപയും ചേർത്തുള്ളതാണ് ഈ തുക.
എന്നാൽ ആശ്വാസകരമായ വാർത്ത വെള്ളി വിലയിൽ മാറ്റമില്ല എന്നതുമാണ്. വെള്ളി വില ഗ്രാമിന് 230 രൂപയിൽ തന്നെ തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

