കൊല്ലം ജില്ലയിൽ ലഹരിക്കെതിരെയുള്ള പരിശോധനകളും നിരീക്ഷണവും എക്സൈസ് വകുപ്പ് കർശനമാക്കി. കഴിഞ്ഞ ദിവസം ജില്ലയിൽ കഞ്ചാവ് മിഠായികൾ പിടികൂടിയ പശ്ചാത്തലത്തിലാണ് വ്യാപക റെയ്ഡിനായി ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കഞ്ചാവ് മിഠായികൾ പിടിച്ചെടുക്കുന്നത്. ഈ സാഹചര്യം അതീവ ഗൗരവമുള്ളതാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
ഹൈസ്കൂൾ തലം മുതൽ പഠിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടാണ് ഇത്തരം ലഹരിമിഠായികൾ വിപണിയിൽ എത്തിക്കുന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ പിടിച്ചെടുത്ത കഞ്ചാവ് മിഠായികൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ജില്ലാ എക്സൈസ് ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ വി.എ.ഷാജഹാൻ വ്യക്തമാക്കി.
ലാബ് ഫലം ലഭിച്ചാൽ മാത്രമേ ഒരു മിഠായിയിൽ അടങ്ങിയിരിക്കുന്ന കഞ്ചാവിന്റെ അളവ് എത്രയാണെന്ന് കൃത്യമായി വ്യക്തമാകൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ആരെങ്കിലും ശ്രദ്ധയിൽപെട്ടാൽ കർശന പരിശോധന നടത്തുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിഠായികളുടെ രൂപത്തിലുള്ള ലഹരിവസ്തുക്കൾ നൽകി കുട്ടികളെ പൂർണ്ണമായും അടിമകളാക്കി മാറ്റാനാണ് ലഹരി മാഫിയകൾ ശ്രമിക്കുന്നത്. ഇതിനായി സ്കൂളുകൾക്ക് സമീപമുള്ള ചില വ്യാപാര സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
വേണ്ടത് ശക്തമായ ജാഗ്രത എക്സൈസ്, പൊലീസ് സേനകൾക്ക് പുറമെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ജാഗ്രത ഈ വിഷയത്തിൽ അത്യന്താപേക്ഷിതമാണെന്ന് ഉദ്യോഗസ്ഥർ ഓർമ്മിപ്പിക്കുന്നു. സ്കൂളുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ ശക്തമായ നിരീക്ഷണം ഉണ്ടാകണം.
എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ പൊലീസിന്റെയോ എക്സൈസിന്റെയോ സഹായം തേടാവുന്നതാണ്. കുട്ടികൾക്കായി കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതും ഈ വിപത്തിനെ പ്രതിരോധിക്കാൻ സഹായകരമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

