മഴക്കാലം പിൻവാങ്ങിയതോടെ പ്രകൃതിയുടെ വിസ്മയക്കാഴ്ചകളൊരുക്കി വയനാട് ജില്ലയിലെ പ്രഭാതങ്ങൾ സജീവമാകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിരാവിലെ മുതൽ കനത്ത കോടമഞ്ഞ് അനുഭവപ്പെട്ടുതുടങ്ങി.
ഉച്ചസമയങ്ങളിൽ പോലും മഞ്ഞുപുതഞ്ഞുനിൽക്കുന്ന മലനിരകളിലേക്കും ഉന്നത പ്രദേശങ്ങളിലേക്കും സഞ്ചാരികളുടെ ഒഴുക്കാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കുറുമ്പാലക്കോട്ട, ചീങ്ങേരി തുടങ്ങിയ മലനിരകളിലേക്കാണ് സഞ്ചാരികൾ കൂടുതലായി എത്തിച്ചേരുന്നത്.
അതിരാവിലെ തന്നെ മലകയറി എത്തുന്നവർക്ക് പ്രകൃതിയുടെ വിസ്മയക്കാഴ്ചകൾ നേരിട്ട് ആസ്വദിക്കാനാകുന്നുണ്ട്. സൂര്യോദയത്തിന്റെ ഇളംവെളിച്ചം മഞ്ഞിൽ തട്ടുമ്പോൾ ദൃശ്യങ്ങൾ കൂടുതൽ മനോഹരമായി മാറുന്നു.
നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ തണുപ്പ് വീണ്ടും കടുക്കുമെന്നതിനാൽ ടൂറിസം മേഖലയ്ക്ക് ഇത് വലിയ ഉണർവാണ് നൽകുന്നത്. അയൽ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി യാത്രികരാണ് ഈ ശൈത്യകാലം ആസ്വദിക്കാനായി വയനാട്ടിലേക്ക് എത്തുന്നത്.
കൊളഗപ്പാറ, അമ്പുകുത്തി മല, മഞ്ഞപ്പാറ വ്യൂപോയിന്റ് തുടങ്ങിയ ഇടങ്ങളിലും സമാനമായ രീതിയിൽ കോടമഞ്ഞ് നിറഞ്ഞുനിൽക്കുകയാണ്. രാവിലെ ആറോടെ മലമുകളിലെത്തുന്നവർ മഞ്ഞും സൂര്യോദയവും ആസ്വദിച്ച് എട്ടുമണിയോടെയാണ് താഴേക്ക് മടങ്ങുന്നത്.
അതേസമയം, വടുവൻചാൽ, ലക്കിടി, വൈത്തിരി എന്നിവിടങ്ങളിൽ ദിവസത്തിന്റെ ഏത് സമയത്തും കോടമഞ്ഞ് ഒഴിഞ്ഞുപോകാത്ത പ്രത്യേകതയുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

