ചലച്ചിത്രലോകത്തെ വേദനയിലാഴ്ത്തി യുവസംവിധായകന് ബല്രാജ് കളരിക്കല് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് എറണാകുളത്തെ അപ്പാര്ട്ട്മെന്റില് ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം.
28 വയസ്സായിരുന്നു താരത്തിന്. കോട്ടയം മണിമല സ്വദേശിയാണ് ബല്രാജ്.
അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ‘കാപ്പി സ്ക്വാഡ്’ എന്ന വെബ് സീരീസ് രണ്ട് ദിവസം മുന്പാണ് ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറില് റിലീസായത്. ഈ വിജയത്തിന്റെ സന്തോഷത്തിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
38 എപ്പിസോഡുകളുടെ ചിത്രീകരണമാണ് ഈ സീരീസിനായി പൂര്ത്തിയാക്കിയിരുന്നത്. കൂട്ടുകാര്ക്കൊപ്പം പടമുകളിലെ ഫ്ലാറ്റിലായിരുന്നു ബല്രാജ് താമസിച്ചിരുന്നത്.
ഇന്നലെ രാത്രി 12 മണിക്ക് ശേഷം ഉറങ്ങാന് കിടന്ന അദ്ദേഹം രാവിലെ എഴുന്നേല്ക്കാത്തതിനെ തുടര്ന്ന് ഒപ്പമുണ്ടായിരുന്നവര് മുറി തുറന്ന് നോക്കുകയായിരുന്നു. തുടര്ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്മാര് സ്ഥിരീകരിച്ചു. നിരവധി സിനിമകളിലും വെബ് സീരീസുകളിലും സഹസംവിധായകനായി അദ്ദേഹം പ്രവര്ത്തിച്ചിട്ടുണ്ട്.
‘കേരളാ ക്രൈം ഫയല്സ്’ വെബ് സീരീസിനും ‘നിഴല്’, ‘മധുരം’, ‘ഡാഗിനി’ തുടങ്ങിയ ചലച്ചിത്രങ്ങള്ക്കും ഒപ്പം ബല്രാജ് പ്രവര്ത്തിച്ചിട്ടുണ്ട്. ആറു വര്ഷം നീണ്ട
പ്രണയത്തിനൊടുവില് സെപ്റ്റംബര് 12-നാണ് ബല്രാജിന്റെ വിവാഹം കഴിഞ്ഞത്. ആതിരയാണ് ഭാര്യ.
സ്വപ്നതുല്യമായ കരിയറിന്റെയും വ്യക്തിജീവിതത്തിന്റെയും തുടക്കത്തില്ത്തന്നെ തേടിയെത്തിയ വിയോഗം സിനിമാമേഖലയ്ക്കും സുഹൃത്തുക്കള്ക്കും വലിയ ആഘാതമായി മാറിയിരിക്കുകയാണ്.

