കൊല്ലം ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യാത്രക്കാരിയുടെ പണവും എടിഎം കാർഡും കവർന്ന സംഭവത്തിൽ പ്രതിയായ യുവതിക്കായി പോലീസ് അന്വേഷണം ശക്തമാക്കി. പ്രതിയെക്കുറിച്ചുള്ള വിവരം കൈമാറുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9:30ഓടെയാണ് ഈ മോഷണം നടക്കുന്നത്. കായംകുളം–അടൂർ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലാണ് വയോധികയുടെ പണവും എടിഎം കാർഡും അപഹരിക്കപ്പെട്ടത്.
കായംകുളത്തുനിന്ന് ബസിൽ പ്രവേശിച്ച വയോധികയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന 7,000 രൂപയും എടിഎം കാർഡും മറ്റ് പ്രധാന രേഖകളുമാണ് പ്രതി തന്ത്രപരമായി കൈക്കലാക്കിയത്. പുനലൂരിലേക്കാണ് യുവതി ടിക്കറ്റ് എടുത്തതെങ്കിലും അടൂരിൽ എത്തിയപ്പോൾ ബസിറങ്ങി പന്തളം ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു.
തുടർന്ന് മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് പന്തളത്തിലെ സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക് എന്നിവയുടെ എടിഎം കൗണ്ടറുകളിൽ നിന്നും 49,800 രൂപ പിൻവലിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിവിധ എടിഎം കൗണ്ടറുകളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ നിന്ന് പ്രതിയായ യുവതിയുടെ വ്യക്തമായ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ നിലവിൽ അന്വേഷണ സംഘം വ്യാപകമായി പ്രചരിപ്പിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

