തിരുവനന്തപുരം: പാലക്കാട് ചിറ്റൂർ മൂലത്തറയിലുണ്ടായ ആൾക്കൂട്ട കൊലപാതകം നിയമസഭയിൽ ഉന്നയിച്ച് സുമേഷ് അച്യുതൻ എംഎൽഎ.
ഉത്തരേന്ത്യൻ മാതൃകയിലുള്ള ക്രൂരമായ ആക്രമണമാണ് നടന്നതെന്നും, കൊല്ലപ്പെട്ട വ്യക്തിയുടെ ശരീരത്തിൽ അമ്പതിലധികം പരിക്കുകൾ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഈ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് സമയോചിതമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും, കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭയിൽ ചോദ്യത്തിന് മറുപടി നൽകവെ, അട്ടപ്പാടിയിലെ മധുവിന്റെ നിസ്സഹായമായ മുഖമാണ് ഈ സംഭവം ഓർമ്മിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
മധുവിന്റെ അനുഭവം അവസാനത്തേതാകുമെന്നാണ് കരുതിയതെങ്കിലും സമാനമായ ദാരുണ സംഭവം ആവർത്തിക്കുകയാണുണ്ടായത്. ആരോരുമില്ലാതെ ആ കുടുംബം ദുഃഖം കടിച്ചമർത്തി ജീവിക്കേണ്ട
സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേസിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, കൊല്ലപ്പെട്ടയാൾ നഗ്നതാ പ്രദർശനം നടത്തിയതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം അറിയിച്ചു.
നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, മൂലത്തറയിൽ ആൾക്കൂട്ട
ആക്രമണത്തിൽ കൊല്ലപ്പെട്ട 40-കാരനായ ഭിക്ഷാടകന്റെ വിലാസം ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.
ഇയാൾ തമിഴ്നാട് സ്വദേശിയാണെന്നാണ് പൊലീസിന്റെ പ്രാരംഭ ഘട്ടത്തിലെ വിലയിരുത്തൽ. മരിച്ചയാളെ തിരിച്ചറിയുന്നതിനും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ചിറ്റൂർ മീനാക്ഷിപുരം പൊലീസ് സംഘം തമിഴ്നാട്ടിൽ എത്തിയിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
പൊള്ളാച്ചി, ആനമല പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണ നടപടികൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

