കൊച്ചി: കൊച്ചി നെടുമ്പാശ്ശേരിയില് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര് കാറപകട കേസില് പ്രതിയുടെ അറസ്റ്റിന് കളമൊരുങ്ങുന്നു.
കേസില് പ്രതിയായ സുഹൈലിന്റെ അറസ്റ്റ് എക്സൈസ് ഉടൻ രേഖപ്പെടുത്തും. അപകടസമയത്ത് സുഹൈലിന്റെ ശരീരത്തില് സാധാരണ താങ്ങാവുന്നതിലും അഞ്ചിരട്ടിയിലധികം അളവില് മദ്യം ഉണ്ടായിരുന്നതായാണ് ശാസ്ത്രീയ പരിശോധനാ റിപ്പോര്ട്ടില് വ്യക്തമായിരിക്കുന്നത്.
സംഭവദിവസം നെടുമ്പാശ്ശേരിയിലെ ഒരു ബാറില് മാത്രം മദ്യം കഴിക്കാനായി സുഹൈല് 4,396 രൂപ ചെലവിട്ടതായും അന്വേഷണത്തില് കണ്ടെത്തിയിട്ടുണ്ട്. ഒരേ ദിവസത്തില് മൂന്ന് വ്യത്യസ്ത ബാറുകളില് കയറി സുഹൈല് തുടര്ച്ചയായി മദ്യപിച്ച ശേഷമാണ് വാഹനം ഓടിച്ചിരുന്നതെന്ന് തെളിവുകള് വ്യക്തമാക്കുന്നു.
ഇയാളുടെ ഡ്രൈവിംഗ് ലൈസന്സ് റദ്ദാക്കാനുള്ള നടപടികളുമായി മോട്ടോര് വാഹന വകുപ്പും മുന്നോട്ട് പോവുകയാണ്. പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് എക്സൈസ് വീണ്ടും ചോദ്യം ചെയ്യല് നടപടികൾ ആരംഭിച്ചിരിക്കുന്നത്.
സുഹൈലിന് മദ്യം വിളമ്പിയ ബാറുകള്ക്കെതിരെയും വകുപ്പ് തല നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെ, വാഹനത്തിന്റെ സാങ്കേതിക പരിശോധന മോട്ടോര് വാഹന വകുപ്പ് പൂര്ത്തിയാക്കിയിട്ടുണ്ട്.
വാഹനത്തിനുണ്ടായ തകരാറുകള് എന്തെങ്കിലും അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടുള്ള അന്തിമ റിപ്പോര്ട്ട് രണ്ടു ദിവസത്തിനുള്ളില് സമര്പ്പിക്കും. അതേസമയം, സുഹൈല് സജീവ് ഉള്പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
താന് നിരപരാധിയാണെന്നും അമിതവേഗതയിലല്ല വാഹനം ഓടിച്ചിരുന്നതെന്നും ജാമ്യ ഹര്ജിയില് സുഹൈല് വാദിക്കുന്നുണ്ട്. എന്നാല് പ്രതികളുടെ ജാമ്യ ഹര്ജിയെ പൊലീസ് ശക്തമായി എതിര്ക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

