ഹോളിവുഡ് ഇതിഹാസതാരം മെർലിൻ മൺറോയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിത്രം പങ്കുവെച്ചതുമായി ബന്ധപ്പെട്ട് കനത്ത പരിഹാസവും വിമർശനവുമാണ് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് നേരിടേണ്ടി വന്നിരിക്കുന്നത്. 1956 -ലെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ കാലഘട്ടത്തിന് ചേരാത്ത ഒരു വസ്തു കണ്ടെത്താനുള്ള ഒരു ഓൺലൈൻ പസിലിൽ പങ്കെടുത്തതിന് പിന്നാലെയാണ് മന്ത്രി വിവാദത്തിൽപ്പെട്ടത്.
ഷോർട്സും ക്രോപ്പ് ടോപ്പും ധരിച്ച മൺറോയുടെ കൈത്തണ്ടയിൽ ആധുനിക സ്മാർട്ട് വാച്ച് കാണുന്നതാണ് ചിത്രത്തിലുള്ളത്. അന്നത്തെ കാലഘട്ടത്തിൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത ഈ വാച്ചാണ് പസിലിന്റെ ഉത്തരം.
ചിത്രം പങ്കുവെച്ചുകൊണ്ട് ‘Watch’ എന്ന് രേഖപ്പെടുത്തി പുഞ്ചിരിക്കുന്ന ഒരു ഇമോജിയോടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഒക്ടോബർ 13 -ന് എക്സ് പ്ലാറ്റ്ഫോമിലായിരുന്നു ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും ആഭ്യന്തര സുരക്ഷാ വെല്ലുവിളികളും നേരിടുമ്പോൾ പ്രതിരോധമന്ത്രി ഇത്തരം ഓൺലൈൻ വിനോദങ്ങളിൽ ഏർപ്പെടുന്നത് ഉചിതമാണോ എന്നായിരുന്നു വിമർശകരുടെ പ്രധാന ചോദ്യം. മന്ത്രിയുടെ മുൻഗണനകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.
അതേസമയം, ഖ്വാജ ആസിഫിന്റെ പ്രതികരണത്തെ അനുകൂലിച്ചും ചിലർ എത്തിയിരുന്നു. ‘Watch’ എന്ന വാക്ക് മെർലിൻ മൺറോയെക്കുറിച്ചല്ല, ചിത്രത്തിലെ കാലഘട്ടവിരുദ്ധമായ സ്മാർട്ട് വാച്ചിനെക്കുറിച്ചാണെന്നായിരുന്നു ഇവരുടെ വിശദീകരണം.
തുടർന്ന് വിവാദമായ പോസ്റ്റ് അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ നിന്നും പിന്നീട് നീക്കം ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകളും പരിഹാസക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

